KeralaLatest

‘എന്റെ ജില്ല’ ആപ്പ്, കൂടുതല്‍ ജനകീയമാക്കും

“Manju”

കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒറ്റ ക്ലിക്കിലൂടെ കണ്ടെത്താനും വിവരങ്ങള്‍ അറിയാനുമുള്ള എന്റെ ജില്ല’ ആപ്പ് കൂടുതല്‍ ജനകീയമാക്കും. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ വകുപ്പിന്റെയും പൂര്‍ണമായ വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. സേവനങ്ങളെ കുറിച്ചും ഓഫീസുകളെക്കുറിച്ചും ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപെടുത്താം. പരാതികളും അറിയിക്കാം.

ഓഫീസുകളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ജില്ലാ കലക്ടര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയാണ്. അഭിപ്രായങ്ങള്‍ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആപ്പിന്റെ പ്രവര്‍ത്തനത്തിനായി ഓരോ വകുപ്പിലും നോഡല്‍ ഓഫീസര്‍മാരെ ചുമതപ്പെടുത്തും.

റവന്യൂ, പോലീസ്, ആര്‍.ടി., എക്സൈസ്, ആരോഗ്യം, ഫിഷറീസ്, കൃഷി തുടങ്ങി ജില്ലയിലെ 20 വകുപ്പുകളുടെ ഓഫീസുകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാണ്. അക്ഷയ, ട്രഷറി, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ തുടങ്ങിയ അവശ്യ സേവനങ്ങളും വിരല്‍ത്തുമ്പില്‍ കിട്ടും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഗൂഗിള്‍ മാപ്പിലൂടെ കണ്ടെത്താനും ഫോണ്‍ നമ്പറുകള്‍, മെയില്‍ എന്നിവ വഴി നേരിട്ട് ബന്ധപ്പെടാനും ആപ്പ് സഹായകമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജനസൗഹൃദവും സുതാര്യവും ആക്കുന്നതിന് എന്റെ ജില്ല ആപ്പ് പ്രയോജനപ്പെടുത്താമെന്ന് ജില്ലാ വികസന കമ്മീഷണര്‍ പറഞ്ഞു. ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

 

Related Articles

Back to top button