
ഡല്‍ഹി: രണ്ടു ദിവസത്തിലേറെ നീണ്ടു നിന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡില്‍ റോപ് വേയില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ പൂര്‍ണമായും രക്ഷിച്ചു.
രാമനവമി ആഘോഷങ്ങള്‍ക്കിടെ ഝാര്‍ഖണ്ഡ് ദിയോഘറിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുത് പഹാര്‍ റോപ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനികന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണ് ഒരു സ്ത്രീയും മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ കയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്.
ജാര്‍ഖണ്ഡിലെ ഏറ്റവും ഉയര്‍ന്ന റോപ് വേയാണിത്. രണ്ടു കേബിള്‍ കാറുകള്‍ വൈകുന്നേരം 5 മണിയോടെ കൂട്ടിയിടിച്ചതോടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. ഇതോടെ 70ലേറെ പേരാണ് കുടുങ്ങിയത്. അര്‍ദ്ധരാത്രിയോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ദുഷ്‌ക്കരമായിരുന്നു.
ആകാശത്തു കുടുങ്ങിയ ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും ഡ്രോണുകള്‍ ഉപയോഗിച്ചാണ് എത്തിച്ചുകൊണ്ടിരുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ എം ഐ 17 ഹെലികോപ്റ്റര്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് രക്ഷപ്പെട്ടവര്‍.
കേബിള്‍ കാറുകളില്‍ കുടുങ്ങിയ സമയത്ത് കുടിവെള്ളം കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ കുടിക്കാനായി കുപ്പികളില്‍ സ്വന്തം മൂത്രം ശേഖരിച്ചു വച്ചുവെന്ന് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിനയ് കുമാര്‍ ദാസ് പറഞ്ഞു. ആറ് കുടുംബാംഗങ്ങള്‍ക്കൊപ്പാണ് വിനയ് ട്രോളിയില്‍ കുടുങ്ങിയത്.
ട്രോളിയില്‍ കുടുങ്ങിയതോടെ ഇനി രക്ഷപ്പെടാന്‍ കഴിയുമെന്ന് കരുതിയില്ലെന്നും എന്നാല്‍ രക്ഷാ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് പുതുജീവനേകിയെന്നും ബീഹാറിലെ മധുബനി ജില്ലയില്‍ നിന്നുള്ള യുവാവ് പറയുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വ്യോമസേനയോട് നന്ദി പറയുകയാണ് രക്ഷപെട്ടവര്‍.
നേരത്തെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ആര്‍മി, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എന്‍ഡിആര്‍എഫ്) എന്നിവയുടെ സംയുക്ത സംഘങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.