KeralaLatest

കെ ​സ്വി​ഫ്റ്റ് ബ​സി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

“Manju”

തൃശൂര്‍: കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിടിച്ച്‌ ഒരാള്‍ മരിച്ചു. തൃശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. ചായകുടിക്കാനായി റോഡുമുറിച്ചുകടക്കവെ അതിവേഗത്തില്‍ എത്തിയ ബസ് പരസ്വാമിയെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാാനായില്ല.

അപകടത്തിനുശേഷം ബസ് നിറുത്താതെ പോയെന്നും റിപ്പോര്‍ട്ടുണ്ട്. അപകടം സംഭവിച്ചത് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. നാലുദിവസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെ സ്വിഫ്റ്റ് നിരവധി അപകടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ജീവന്‍ നഷ്ടമാകുന്നത് ഇത് ആദ്യമായാണ്.

ഇക്കഴിഞ്ഞ പതിനൊന്നിന് മുഖ്യമന്ത്രി ഫ്ളാഗ് ഒഫ് ചെയ്ത് ഇരുപത്തിനാലുമണിക്കൂറിനിടെയാണ് ആദ്യരണ്ട് അപകടങ്ങളും ഉണ്ടായത്. ആദ്യത്തെ അപകടം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ചായിരുന്നു. പിറ്റേദിവസം രാവിലെ പത്തരയോടെ കോട്ടയ്ക്കലില്‍ വച്ചായിരുന്നു രണ്ടാമത്തെ അപകടം. മൂന്നാമത്തെ അപകടവും കോട്ടയ്ക്കലില്‍ തന്നെയായിരുന്നു. മൂന്ന് അപകടത്തിലും ബസിന് കേടുപാടുകളുണ്ടായിരുന്നു.

ആദ്യ രണ്ട് അപകടങ്ങളും ഉണ്ടായതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന അധികൃതരുടെ വിലയിരുത്തലിനെ തുടര്‍ന്ന് രണ്ട് ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. ഇവരില്‍ ഭൂരിപക്ഷവും വോള്‍വോ ഉള്‍പ്പടെയുള്ള പുതുതലമുറ ബസുകള്‍ ഓടിച്ച്‌ പരിചയമില്ലാത്തവരാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ബസുകള്‍ തുടരെത്തുടരെ അപകടത്തില്‍പ്പെട്ടതും.

Related Articles

Back to top button