Uncategorized

ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാന് 193 റൺസ് വിജയലക്ഷ്യം

“Manju”

മുംബൈ: ഹാർദിക് പാണ്ഡ്യ യഥാർഥ നായകന്റെ പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 193 റൺസ് വിജയലക്ഷ്യം ഉയർത്തി. 20 ഓവറിൽ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തു. ടോസ് നേടിയ രാജസ്ഥാൻ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഓപ്പണർ മാത്യു വെയ്ഡ് തുടക്കം ആഞ്ഞടിച്ചെങ്കിലും പെട്ടെന്ന് പുറത്തായി. ആറ് പന്തിൽ 12 റൺസ് ആയിരുന്നു വെയ്ഡിന്റെ സമ്പാദ്യം.

ശുഭ്മാൻ ഗിൽ(13) അധികനേരം ക്രീസിൽ നിലയുറപ്പിച്ചില്ല. മുന്നാമനായി ഇറങ്ങിയ വിജയ് ശങ്കർ(2)അധികം നേരം പിടിച്ചുനിൽക്കാനാകാതെ ക്ഷണത്തിൽ പുറത്തായി. എന്നാൽ നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും അഭിനവ് മനോഹർ കൂട്ടുകെട്ട് ഗുജറാത്ത് ടൈറ്റൻസിനെ കരകയറ്റി. ഇരുവരും ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ക്യാപ്റ്റന് കൂട്ടായി ക്രീസിൽ നിലയുറപ്പിച്ച അഭിനവ് മനോഹർ 43 റൺസ് നേടി. 28 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉൾപ്പെടെയാണ് ഇത്രയും റൺസ് തികച്ചത്. പാണ്ഡ്യ 52 പന്തുകളിൽ 87 റൺസ് നേടി പുരത്താകാതെ നിന്നു. നാല് സിക്‌സറും എട്ട് ബൗണ്ടറിയും അടങ്ങുന്നതാണ് പാണ്ഡ്യയുടെ പ്രകടനം.

ആറാമനായി എത്തിയ ഡേവിഡ് മില്ലർ അവസാന ഓവറിൽ തകർപ്പൻ അടികളിലൂടെ ടീമിന്റെ സ്‌കോർ ഉയർത്തി. കുൽദീപ് സെൻ എറിഞ്ഞ 19ാം ഓവറിൽ മില്ലർ മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു. ആ ഓവറിൽ ആകെ 21 റൺസ് പിറന്നു.

മില്ലർ 14 പന്തിൽ 31 റൺസുമായി നോട്ടൗട്ടായി നിന്നു. അഞ്ച് ഫോറും ഒരു സിക്‌സറുമാണ് ദക്ഷിണാഫ്രിക്കൻ താരം വളരെ കുറച്ച് നേരം കൊണ്ട് അടിച്ചെടുത്തത്. ടൂർണ്ണമെന്റിൽ നാല് കളിയിൽ നിന്നായി ആറ് പോയിന്റുമായി രാജസ്ഥാൻ മുന്നിലാണ്. ഇത്രയും കളിയിൽ നിന്ന് ആറ് പോയിന്റ് നേടിയ ഗുജറാത്ത് പോയിന്റ് പട്ടികയിൽ അഞ്ചാമതാണ്.

നിലവിൽ രാജസ്ഥാൻ റോയൽസ് 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 82 റൺസുമായി പൊരുതുകയാണ്

 

Related Articles

Check Also
Close
Back to top button