IndiaLatest

നാലാം തരംഗത്തിന്റെ തുടക്കം

“Manju”

ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങളായി കൊവിഡ് പ്രതിദിന കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുമുള്ള വര്‍ദ്ധനയും കുട്ടികള്‍ക്കിടയിലെ രോഗവ്യാപനവും ഡല്‍ഹിയില്‍ ആശങ്ക പരത്തുന്നു. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഡല്‍ഹിയില്‍ നാലാം തരംഗത്തിന്റെ തുടക്കമാണെന്ന സംശയത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ 20ന് ചേരുന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കും.

ഏപ്രില്‍ 9ന് 160 കേസുകള്‍ മാത്രമായിരുന്ന പ്രതിദിന വര്‍ദ്ധന വെള്ളിയാഴ്ച ആയതോടെ 366 ആയി ഉയര്‍ന്നു. ഒമിക്രോണ്‍ തരംഗത്തെ തുടര്‍ന്ന് ഫെബ്രുവരി 3ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഒരാഴ്ചയ്ക്കിടെ 48 ശതമാനം വര്‍ദ്ധനയാണുണ്ടായത്. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കൊവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് സൗജന്യമായി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. അതേ സമയം ഇന്നലെ ഡല്‍ഹിയില്‍ 461 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ടി.പി.ആര്‍ 5.33 ശതമാനമാണ്.

ഡല്‍ഹിയിലെ ചില സ്കൂളുകളില്‍ കുട്ടികളില്‍ കൊവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദ്ദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നത് ഒരു കുട്ടിക്കാണെങ്കില്‍ പോലും സ്കൂള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതേസമയം സംസ്ഥാനത്തെ സ്കൂളുകള്‍ ഒന്നിച്ച്‌ അടയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Related Articles

Back to top button