KeralaLatest

റേഷന്‍ കടകളില്‍ ബാങ്കിങ് സേവനവും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ ‘സ്മാര്‍ട്ട്’ ആകുന്നു. റേഷന്‍ കടകളിലെ ഇ പോസ് യന്ത്രം വഴി ബാങ്കിങ് സേവനം വരെ നടത്താന്‍ കഴിയുന്നവിധമാണ് പരിഷ്‌കരിക്കുന്നത്. സംസ്ഥാനത്തെ പതിനാലായിരത്തിലധികം റേഷന്‍ കടകളില്‍ ഒരു വിഭാഗം അടുത്ത മാസം മുതല്‍ പരിഷ്‌കരിച്ച രൂപത്തില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങും.
ജനങ്ങള്‍ക്ക് മറ്റു സേവനങ്ങള്‍ കൂടി ലഭ്യമാക്കുന്ന സ്മാര്‍ട്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം മേയ് 20നു മുന്‍പ് ആരംഭിക്കും. സ്ഥലവും സൗകര്യവുമുള്ള എണ്ണൂറോളം കട ഉടമകള്‍ താല്‍പര്യം അറിയിച്ചിരുന്നു. അന്തിമ വിലയിരുത്തലിനായി ഈയാഴ്ച മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.
റേഷന്‍ കടകളിലെ ഇ പോസ് യന്ത്രം വഴി ബാങ്കിങ് സൗകര്യം നല്‍കുന്നതാണു പ്രധാന സവിശേഷത. ഇതിനായി നാലു ബാങ്കുകള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ എടിഎം വലുപ്പത്തിലുള്ള റേഷന്‍ കാര്‍ഡുകളില്‍ ഇതിനായി ചിപ്പ് ഘടിപ്പിക്കേണ്ടി വരും. വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം, മാവേലി സ്റ്റോര്‍ സമീപമല്ലാത്ത ഗ്രാമങ്ങളിലെ റേഷന്‍ കടകളില്‍ അത്തരം സാധനങ്ങളുടെ വിതരണം എന്നിവയാണ് മറ്റു സേവനങ്ങള്‍.
സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വഴി ആദിവാസി ഊരുകളിലേക്കു റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന പദ്ധതി 36 ഊരുകളിലേക്കു വ്യാപിപ്പിക്കും. പാറശാല മണ്ഡലത്തിലെ അമ്പൂരി പഞ്ചായത്തിലെ ഊരുകളില്‍ ആരംഭിച്ചു കൊണ്ടു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിഷുദിനത്തലേന്നു നടത്തി. 28ന് കണ്ണൂര്‍ ആറളം ഫാമിനു സമീപത്തെ വിവിധ ഊരുകളില്‍ പദ്ധതി ആരംഭിക്കും. പദ്ധതിക്കായി വാഹനം ലഭ്യമാക്കാന്‍ എംഎല്‍എമാരുടെ സഹായവും തേടുമെന്നു മന്ത്രി പറഞ്ഞു.

Related Articles

Back to top button