IndiaLatest

പരമ്പരാഗത വൈദ്യത്തിനുള്ള ആദ്യത്തെ കേന്ദ്രം ഇന്ത്യയില്‍

“Manju”
അഹമ്മദാബാദ്: പരമ്പരാഗത വൈദ്യത്തിനുള്ള ഡബ്ല്യു.എച്ച്‌..യുടെ ആദ്യത്തെ കേന്ദ്രത്തിന് ഇന്ത്യയില്‍ തറക്കല്ലിട്ടു. പരമ്പരാഗത ചികിത്സാരീതികള്‍ക്കുള്ള ആഗോളകേന്ദ്രം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ പാരമ്പര്യവൈദ്യത്തിന്റെ യുഗത്തിലേക്ക് ലോകം പ്രവേശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസൂസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ ജുഗ്‌നൗത് എന്നിവരുടെ സാന്നിധ്യത്തില്‍ ജാംനഗറില്‍ ആഗോളപരമ്പരാഗത ഔഷധകേന്ദ്രത്തിന് തറക്കല്ലിട്ടു.

ബംഗ്ലദേശ്, നേപ്പാള്‍, ഭൂട്ടാന്‍ പ്രധാനമന്ത്രിമാര്‍ ഓണ്‍ലൈന്‍ വീഡിയോയിലൂടെ ആശംസനേര്‍ന്നു. പരമ്പരാഗത വൈദ്യത്തിനുള്ള ഡബ്‌ള്യു.എച്ച്‌..യുടെ ആദ്യത്തെ കേന്ദ്രമാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ജാംനഗറിലെ ആയുര്‍വേദ ഗവേഷണകേന്ദ്രത്തില്‍ താത്കാലികമായി പ്രവര്‍ത്തനം തുടങ്ങും. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ 35 ഏക്കറിലാണ് കേന്ദ്രം നിര്‍മിക്കുന്നത്. ഇതിനായി പത്തുവര്‍ഷംകൊണ്ട് 1900 കോടി രൂപയോളം കേന്ദ്രസര്‍ക്കാര്‍ മുടക്കുമെന്നാണ് കരാര്‍.

ജി.സി.ടി.എം. ആഗോള പദ്ധതിയാണെന്നും ലോകം ഇന്ത്യയിലേക്കും ഇന്ത്യ ലോകത്തേക്കും പ്രവേശിക്കുന്ന വാതിലായിരിക്കുമെന്നും ടെഡ്രോസ് ഗബ്രിയേസൂസ് പറഞ്ഞു. തെളിവുകളിലൂടെ സാധൂകരിക്കപ്പെട്ട പരമ്പരാഗത ചികിത്സകളെ ശാസ്ത്രത്തിന്റെ സഹായത്തോടെ ശാക്തീകരിക്കാന്‍ കേന്ദ്രം വഴിയൊരുക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, സര്‍ബാനന്ദ സോനോവാള്‍, മഹിന്ദ്ര മുഞ്ചുപാര എന്നിവരും സംബന്ധിച്ചു.

Related Articles

Back to top button