KeralaLatest

ഓപ്പറേഷൻ മത്സ്യ; 14 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

“Manju”

മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച 106 പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വിൽപ്പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി 34 മത്സ്യ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു. മത്സ്യത്തിന്റെ ഒരു സ്റ്റാറ്റിയൂട്ടറി സാമ്പിളും എറണാകുളം ജില്ലയിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബിലേക്ക് അയച്ചു. കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാതെ കണ്ടെത്തിയ 14 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. ഓപ്പറേഷൻ മത്സ്യ ശക്തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യത്തിന്റെ വരവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് ജില്ലകളിൽ പരിശോധന നടത്തിയത്. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. പ്രധാന ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 1842 പരിശോധനയിൽ 1029 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. റാപ്പിഡ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ 590 പരിശോധനയിൽ 9 സാമ്പിളുകളിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തി.

Related Articles

Back to top button