KeralaLatest

യൂണിവേഴ്സിറ്റി പരീക്ഷ എഴുതി ജന പ്രതിനിധികള്‍

“Manju”

വയനാട്: യൂണിവേഴ്സിറ്റി പരീക്ഷ എഴുതി ജില്ലയിലെ ജനപ്രതിനിധികള്‍ മാതൃകയായി. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കിലയുടെയും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ കേരളത്തിലെ തദ്ദേശഭരണ ജനപ്രതിനിധികള്‍ക്കായി ആരംഭിച്ച അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണ നിര്‍വ്വഹണവും എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷയാണ് കല്പറ്റ ഗവ:കോളേജില്‍ വെച്ച്‌ ജനപ്രതിനിധികള്‍ എഴുതിയത്.

ജില്ലയിലെ 15 ജനപ്രതിനിധികളാണ് തിരക്കുകള്‍ക്കിടയിലും പഠിച്ച്‌ പരീക്ഷ എഴുതിയത്. 103 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പ്രോജക്‌ട്, അസൈന്‍മെന്‍റ് എന്നിവ സമര്‍പ്പിച്ചവരാണ് പരീക്ഷക്കുള്ള യോഗ്യത നേടിയത്. പരീക്ഷ എഴുതിയവരെല്ലാം വിജയപ്രതീക്ഷയിലാണ്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യ ബാച്ചെന്ന നിലയില്‍ കൊല്ലത്തെ ആസ്ഥാനത്താണ് സര്‍ട്ടിഫിക്കറ്റ് വിതരണം.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാ പ്രേമചന്ദ്രന്‍, വെങ്ങപ്പള്ളി, അമ്പലവയല്‍, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇ.കെ രേണുക, സി.കെ ഹഫ്സത്ത്, വി. പി രനീഷ് എന്നിവരും. പനമരം, എടവക, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ തോമസ്, ജംഷീറ ശിഹാബ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജോസ്, ജസ്സീല, എടവക ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ആയാത്ത്, കോട്ടത്തറ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹണി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത തിരുനെല്ലി, ഇമ്മാനുവേല്‍ പൂതാടി, സണ്ണി നൂല്‍പ്പുഴ എന്നിവരാണ് പരീക്ഷ എഴുതിയത്.

മലപ്പുറം, ആലപ്പുഴ ജില്ലകളിലെ ജനപ്രതിനിധികളും കല്പറ്റ ഗവ:കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തി.

 

Related Articles

Back to top button