KeralaLatest

എന്റെ കേരളം; പ്രചാരണ വാഹനം ഉദ്‌ഘാടനം ചെയ്തു

“Manju”

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15 മുതല്‍ 22 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പ്രചരണ വാഹനത്തിന്റെ ഉദ്ഘാടനം പാപ്പനംകോട് ജംഗ്ഷനില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധിക്കിടയിലും എല്ലാ മേഖലകളിലും അത്ഭുതകരമായ വളര്‍ച്ചയാണ് കേരളം കൈവരിച്ചതെന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും വന്‍കിട പദ്ധതികളുടെ കാര്യത്തിലും സംസ്ഥാനത്തിന് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാകും മെയ് 15ന് തുടങ്ങുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദര്‍ശന സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ പ്രശസ്തരായ കലാകാരന്മാര്‍ നയിക്കുന്ന കലാപരിപാടികള്‍ എന്നിവ മേളയുടെ മാറ്റുകൂട്ടും. കൂടാതെ സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ സേവനങ്ങളും സൗജന്യമായി വളരെ വേഗത്തില്‍ ഇവിടെ നിന്നും ലഭ്യമാകുന്ന വിധമാണ് മേള. മുഴുവനായും ശീതീകരിച്ച പവലിയനുകളിലാണ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.

പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രദര്‍ശന നഗരിയിലെത്താം. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എല്ലാ പൊതുജനങ്ങളും ഭാഗമാകണമെന്നും ഇവിടെ ലഭിക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചടങ്ങില്‍ അദ്ധ്യക്ഷയായ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍ എന്റെ കേരളം മെഗാ പ്രദര്‍ശന മേളയെക്കുറിച്ച്‌ വിശദീകരിച്ചു. തുടര്‍ന്ന് മെയ് 15ന് തുടങ്ങി 22ന് അവസാനിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും നാടന്‍പാട്ടും അരങ്ങേറി.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സന്ദേശം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുമെത്തിക്കുന്ന വിധത്തില്‍ 14 നിയമസഭാ മണ്ഡലങ്ങളിലെയും കേന്ദ്രങ്ങളിലാണ് പ്രചരണ പരിപാടികള്‍ നടക്കുന്നത്. ഇന്ന് (മെയ് 9) രാവിലെ 9 മണിക്ക് പാറശാല മണ്ഡലത്തിലെ കാരക്കോണത്ത് നിന്ന് ആരംഭിക്കുന്ന പരിപാടിയില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എയും 11 മണിക്ക് നെയ്യാറ്റിന്‍കര മിനി സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കെ.ആന്‍സലന്‍ എം.എല്‍.എയും പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് കാട്ടാക്കടയില്‍ ഐ.ബി സതീഷ് എം.എല്‍.എയും വൈകുന്നേരം ഏഴിന് അരുവിക്കരയില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എയും പങ്കെടുക്കും.

Related Articles

Back to top button