KeralaLatest

തൃശൂര്‍ പൂരം: മുന്‍കരുതലുകള്‍ വിലയിരുത്തി മോക്ക്ഡ്രില്‍

“Manju”

തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച്‌ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിലയിരുത്തി തേക്കിന്‍കാട് മൈതാനിയില്‍ മോക്ക്ഡ്രില്‍ നടന്നു. റവന്യൂമന്ത്രി കെ രാജന്‍, ജില്ലാ കക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് പൂരം മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയത്. പൂരവുമായി ബന്ധപ്പെട്ട് 8 മുതല്‍ 11 വരെ നടക്കുന്ന ചടങ്ങുകളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സലാണ് നടന്നത്.

വിവിധ വിഭാഗങ്ങളുടെ ആനകള്‍ കടന്നുപോകുന്ന വഴികള്‍, വെടിക്കെട്ട്, കുടമാറ്റം, മഠത്തില്‍വരവ്, ഇലഞ്ഞിത്തറ മേളം എന്നിങ്ങനെ ഓരോ പ്രധാന പോയന്റുകളിലും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ് മോക്ക്ഡ്രില്ലില്‍ വിലയിരുത്തിയത്. എന്തെങ്കിലും പ്രശ്നങ്ങള്‍ക്കുള്ള സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സലും അതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും മന്ത്രിയും ജില്ലാ കക്ടറും അടങ്ങിയ സംഘം വിലയിരുത്തി.

തെക്കേഗോപുര നടയില്‍ മരം വീണ അപകടമാണ് മോക്ക്ഡ്രില്ലിന്റെ ഭാഗമായി ആദ്യം നടന്നത്. ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള 4 പോയിന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോക്ക്ഡ്രില്‍. പൂരം ഒരുക്കങ്ങള്‍ പുരോഗമിക്കവെ അവസാന വട്ട വിലയിരുത്തലിന്റെ ഭാഗമായാണ് എല്ലാ വകുപ്പുകളെയും സംയുക്തമായി ഏകോപിപ്പിച്ച്‌ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്.

പൂരത്തിന് ജനത്തിരക്കുണ്ടാകുന്ന പ്രധാന പോയിന്റുകള്‍ കൃത്യമായി പരിശോധിച്ചു കൊണ്ടുള്ള അവസാന പരീക്ഷണമാണ് മോക്ക്ഡ്രില്ലെന്നും അത് വിജയമായെന്നും റവന്യൂമന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. എവിടെയാണ് ജനക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും മോക്ഡ്രില്‍ വഴി വിലയിരുത്തിയെന്നും ജില്ലാ കക്ടര്‍ കൂട്ടിചേര്‍ത്തു.

ഇത്തവണത്തെ പൂരത്തിനായി 4000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ അറിയിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂമും സിസിടിവി സംവിധാനവും സജ്ജമാക്കും. പൂരം കാണാനെത്തുന്നവരുടെ സുരക്ഷയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. ഇതിന് പുറമെ പൊലീസിന്റെ ഒരു ഇവാക്വേഷന്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ ടീം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകള്‍ മോക്ക്ഡ്രിലിന്റെ ഭാഗമായി. ഇതിന് പുറമെ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടല്‍ ഏതൊക്കെ രീതിയില്‍ വേണമെന്നതും വിലയിരുത്തി. മെഡിക്കല്‍ ടീമിന് പുറമെ ആംബുലന്‍സ്, വയര്‍ലെസ് സംവിധാനങ്ങളും പൂരനഗരിയില്‍ തയ്യാറായിരുന്നു. ചികിത്സാ സംബന്ധമായ അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഡോക്ടര്‍മാരുടെയും സ്‌ട്രക്ചര്‍ ടീമുകളുടെയും സേവനവും ഉണ്ടായിരുന്നു.

എന്തെങ്കിലും രീതിയില്‍ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനും പ്രാഥമിക ചികിത്സ നല്‍കുന്നതിനുമായി മുന്‍ വര്‍ഷത്തേക്കാള്‍ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. കോവിഡ് മൂലം മുന്‍വര്‍ഷങ്ങളില്‍ പൂരം നടക്കാതെ പോയ സാഹചര്യത്തില്‍ ഇത്തവണ സാധാരണ ജനക്കൂട്ടത്തിനേക്കാള്‍ ഇരട്ടിയിലേറെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാക്കുകയാണ് മോക്ക്ഡ്രില്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

മേയര്‍ എം കെ വര്‍ഗീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ അരുണ്‍ ഭാസ്കര്‍, എ സി പി രാജു, ഡെപ്യൂട്ടി കളക്ടര്‍ (ഡിസാസ്റ്റര്‍) ഐ ജെ മദുസൂധനന്‍, ആര്‍ഡിഒ പി എ വിഭൂഷണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മോക്ക്ഡ്രില്ലിന്റെ ഭാഗമായി.

 

 

Related Articles

Back to top button