InternationalLatest

പൂര്‍ണ പിന്തുണ നല്‍കും, എന്നാല്‍ പട്ടാളത്തെ അയക്കില്ല; ഇന്ത്യ

“Manju”

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും ശ്രീലങ്കയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ ഇന്ത്യ എന്നാല്‍ സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇന്ത്യന്‍ സേനയെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ചത്.

ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും രാജ്യത്തിന്റെ സ്ഥിരതയ്ക്കുമായി ഇന്ത്യ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണം. പ്രക്ഷോഭകരില്‍ നിന്നും രക്ഷപ്പെടുന്നതിനായി ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയും കുടുംബവും ഇന്ത്യയിലേക്ക് പലായനം ചെയ്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സേനയെ കൊളംബോയിലേക്ക് അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും നിയന്ത്രണങ്ങളിലും നട്ടം തിരിഞ്ഞ ജനം കനത്ത പ്രക്ഷോഭങ്ങളിലേക്ക് കടന്നതോടെയാണ് രാജപക്സ രാജി വയ്ക്കുന്നത്. ഔദ്യോഗിക വസതി വളഞ്ഞ സമരക്കാരെ അനുയായികളെ വിട്ട് അടിച്ചമര്‍ത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ രാജിവച്ചൊഴിയുക എന്നല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാതാവുകയായിരുന്നു. ഇതോടെ രാജ്യമാകെ കലാപം പടര്‍ന്നുപിടിച്ചു. പ്രക്ഷോഭത്തില്‍ എട്ട് പേര്‍ മരിക്കുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി മന്ത്രിമാരുടെയും മറ്റും വീടുകളും വാഹനങ്ങളും സമരക്കാര്‍ തീയിട്ട് നശിപ്പിച്ചു. മഹിന്ദയുടെ ഹമ്പന്‍തോട്ടയിലെ കുടുംബവീടും കുറുനെഗല സിറ്റിയിലെ വസതിയും അഗ്നിക്കിരയാക്കി. മുന്‍ മന്ത്രി ജോണ്‍സ്റ്റന്‍ ഫെര്‍ണാന്‍ഡോയുടെയും നാല് എം.പിമാരുടെയും രണ്ട് മേയര്‍മാരുടെയും ഔദ്യോഗിക വസതികള്‍ തീയിട്ട് നശിപ്പിച്ചു. ഭരണകക്ഷി എം.പിമാരെ വിദ്യാര്‍ത്ഥികള്‍ കൈയേറ്റം ചെയ്തു. പാര്‍ട്ടി ഓഫീസുകളും കത്തിച്ചു.

അതേസമയം, രാജപക്സയും കുടുംബവും ട്രിങ്കോമാലിയിലെ നാവികത്താവളത്തില്‍ ഒളിച്ചു കഴിയുന്നുവെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മഹിന്ദയുടെ ടെംപിള്‍ ട്രീസ് ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകര്‍ കടന്നുകയറുമെന്ന സ്ഥിതി വന്നതോടെ സൈന്യം ഹെലികോപ്‌ടറില്‍ അദ്ദേഹത്തെയും കുടുംബത്തെയും നാവികത്താവളത്തിലേക്ക് മാറ്റുകയായിരുന്നു.

1948ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം കാണുന്ന ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. മഹിന്ദ രാജപക്‌സയുടെ അനുജനും ശ്രീലങ്കന്‍ പ്രസിഡന്റുമായ ഗോതബയ രാജപക്സ രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് പ്രക്ഷോഭകരുടെ തീരുമാനം.

കൊവിഡില്‍ ടൂറിസം മേഖലയില്‍ നിന്നുമുള്ള വരുമാനം നിലച്ചതും ചൈനയില്‍ നിന്ന് വാങ്ങിക്കൂട്ടിയ കടവും ശ്രീലങ്കന്‍ സമ്പദ്ഘടനയെ തകര്‍ക്കുകയായിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം സര്‍ക്കാര്‍ 36 ശതമാനം കുറച്ചതോടെ പണപ്പെരുപ്പം രൂക്ഷമായി. അവശ്യസാധനവില കുതിച്ചുയര്‍ന്നു. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവ കിട്ടാതായി. അരിക്കും പാലിനുമൊക്കെ വില നാലിരട്ടി. ഡീസലും മണ്ണെണ്ണയുമില്ലാതെ മീന്‍പിടിത്തവും നിലച്ചു. അച്ചടിക്കടലാസിന്റെ ക്ഷാമം കാരണം പരീക്ഷകള്‍ വരെ മാറ്റി. വൈദ്യുതി നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടിലുമായി. ഇതാണ് രാജ്യത്തെ കലാപത്തിലേക്കും തുടര്‍ന്ന് മഹിന്ദ രാജപക്‌സയുടെ രാജിയിലേക്കും നയിച്ചത്.

Related Articles

Back to top button