InternationalLatest

റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് 6.30 ന്

“Manju”

കൊളംബോ: രാജ്യത്ത് കലാപം നിലനില്‍ക്കുന്നതിനിടെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. പ്രസിഡന്റ് ഗോതബയ രാജപക്‌സയുമായി നടന്ന കൂടിക്കാഴ്ചയ്ക്കൊടുവിലാണ് തീരുമാനം. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഗോതബയ അറിയിച്ചിരുന്നു.

1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവാണ് റെനില്‍ വിക്രമസിംഗെ. മുന്‍പ് നാല് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ പ്രതിപക്ഷ നേതാവും ആയിട്ടുണ്ട്. ഇന്ത്യന്‍ അനുകൂല നിലപാടുകളുടെ പേരിലും പ്രശസ്തനാണ് വിക്രമസിംഗെ.

അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടതിന് മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയെയും മകന്‍ നമലിനെയും മറ്റ് 15 സഖ്യകക്ഷികളെയും രാജ്യം വിടുന്നത് ശ്രീലങ്കന്‍ കോടതി വിലക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യത്ത് കലാപം രൂക്ഷമായതിന് പിന്നാലെ മഹിന്ദ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഔദ്യോഗിക വസതി വളഞ്ഞ സമരക്കാരെ അനുയായികളെ വിട്ട് അടിച്ചമര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ രാജിവച്ചൊഴിയുകയല്ലാതെ രാജപക്‌സയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതായി മാറുകയായിരുന്നു. കലാപത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മഹിന്ദയുടെ ഹമ്പന്‍തോട്ടയിലെ കുടുംബവീടും കുറുനെഗല സിറ്റിയിലെ വസതിയും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു. മുന്‍ മന്ത്രിമാരായ ജോണ്‍സ്റ്റന്‍ ഫെര്‍ണാന്‍ഡോയുടെയും, നാല് എം.പിമാരുടെയും രണ്ട് മേയര്‍മാരുടെയും ഔദ്യോഗിക വസതികളും തീയിട്ട് നശിപ്പിച്ചു. ഭരണകക്ഷി എം.പിമാരെ വിദ്യാര്‍ത്ഥികള്‍ കൈയേറ്റം ചെയ്തു. പാര്‍ട്ടി ഓഫീസുകളും കത്തിച്ചു. നിരവധി ബസുകളും വാഹനങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി.

കൊവിഡില്‍ ടൂറിസം വരുമാനം നിലച്ചതും ചൈനയില്‍ നിന്ന് വാങ്ങിക്കൂട്ടിയ കടവും ശ്രീലങ്കന്‍ സമ്പദ്ഘടനയെ തകര്‍ത്തു. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം സര്‍ക്കാര്‍ 36 ശതമാനം കുറച്ചതോടെ പണപ്പെരുപ്പം രൂക്ഷമായി. അവശ്യസാധനവില കുതിച്ചുയര്‍ന്നു. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവ കിട്ടാതായി. അരിക്കും പാലിനുമൊക്കെ വില നാലിരട്ടിയായി. ഡീസലും മണ്ണെണ്ണയുമില്ലാതെ മീന്‍പിടിത്തവും നിലച്ചു. അച്ചടിക്കടലാസിന്റെ ക്ഷാമം കാരണം പരീക്ഷകള്‍ വരെ മാറ്റി. വൈദ്യുതി നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടിലുമായി. ഇതാണ് രാജ്യത്തെ കലാപത്തിലേക്കും തുടര്‍ന്ന് മഹിന്ദ രാജപക്‌സയുടെ രാജിയിലേക്കും നയിച്ചത്.

 

Related Articles

Back to top button