LatestTech

കുടയ്ക്ക് വില ഒരു ലക്ഷം, മഴ‍യും നനയും; പിന്നെ ഈ കുട എന്തിന് ?

“Manju”

മഴ നനയാതിരിക്കാനാണല്ലോ നമ്മള്‍ കുട പിടിക്കുന്നത്. അതിന് ഉപകാരപ്പെട്ടില്ലെങ്കില്‍ പിന്നെന്തിനാണ് കുട. എന്നാല്‍ ഇങ്ങനെ മഴയത്ത് ഉപകരിക്കാത്ത ഒരു കുടയാണ് ഇന്ന് ഫാഷന്‍ ലോകത്തെ സംസാര വിഷയം.
ലോകപ്രശസ്ത ബ്രാന്റുകളായ ഗുച്ചിയും അഡിഡാസും ചേര്‍ന്നാണ് ഈ കുട പുറത്തിറക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന ഈ കുടയുടെ ഏറ്റവും വലിയ പ്രത്യേകത മഴയത്തിറങ്ങിയാല്‍ നനയും എന്നതാണ്.
ഇത്രയും വില നല്‍കി ലോകത്തിലെ പ്രമുഖ ബ്രാന്റുകള്‍ പുറത്തിറക്കിയ ഈ കുട വാങ്ങുന്നവര്‍ക്ക് ആകെയുള്ള പ്രയോജനം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാം എന്നതാണ്. അല്ലെങ്കില്‍ ഒരു ഭംഗിക്ക് ചൂടി നടക്കാം എന്നുമാത്രം. പ്രധാനമായും സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് ഈ കുട പുറത്തിറക്കുന്നത്.
‘ജി’ ആകൃതിയിലാണ് കുടയുടെ ഹാന്റില്‍. കുടയുടെ പ്രതലത്തില്‍ ഗുച്ചിയുടെയും അഡിഡാസിന്റെയും ലോഗോ പ്രിന്റ് ചെയ്തിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍ ചര്‍ച്ചയാണ് ഈ കുടയുടെ പേരില്‍ നടക്കുന്നത്. ഒരു ചാറ്റല്‍ മഴയില്‍ നിന്ന് പോലും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് ഇത്രയധികം വിലയ്ക്ക് കുട പുറത്തിറക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന ചോദ്യം.

Related Articles

Back to top button