KeralaLatest

യുക്രെയിനില്‍ നിന്നും ഓടിയെത്തിയവര്‍ക്ക് അഭയം നല്‍കിയവര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി

“Manju”

കീവ്: യുക്രെയിന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ തന്നെ ആ രാജ്യത്തോട് ഏറ്റവുമധികം സ്നേഹവും കരുതലും പ്രകടിപ്പിച്ച രാജ്യം ബ്രിട്ടനാണെന്ന് നിസ്സംശയം പറയാം.
വിസ ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തുകയും അതോടൊപ്പം, അഭയാര്‍ത്ഥി ക്യാമ്ബിന്റെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍, ജന്മനാട് വിട്ടോടിയെത്തിയവര്‍ നരകിക്കരുതെന്ന ആഗ്രഹത്താല്‍, യുക്രെയിന്‍ അഭയാര്‍ത്ഥികളെ വീടുകളില്‍ അതിഥികളായി താമസിപ്പിക്കാന്‍ ബ്രിട്ടീഷ് ജനതയ്ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തു. ഇതിനായി, സാമ്ബത്തിക പാക്കേജിനു വരെ ബ്രിട്ടന്‍ തയ്യാറായി എന്നിടത്താണ് ബ്രിട്ടന്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്.
എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്നത് പാലു കൊടുത്ത കൈക്ക് കടിക്കുന്ന സര്‍പ്പങ്ങളുടെ കഥകളാണ്. അഭയം തേടിയെത്തിയ യുക്രെയിന്‍ യുവതികള്‍, അഭയം നല്‍കുന്ന വീടുകളിലെ ഗൃഹനാഥന്മാരുമായി പ്രണയത്തിലായതോടെ കുടുംബ കലഹങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ദീര്‍ഘനാളായി തന്നോടൊപ്പം താമസിച്ച പങ്കാളി, കേവലം പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം കണ്ടുമുട്ടിയ യുക്രെയിന്‍ യുവതിയുമൊത്ത് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ അമര്‍ഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മൂന്ന് മക്കളുടെ അമ്മ.
ലോണ ഗാര്‍നെറ്റ് എന്ന യുവതിയാണ് ഇപ്പോള്‍ തന്റെ കദന കഥയുമായി എത്തിയിരിക്കുന്നത്. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബ്രാഡ്ഫോര്‍ഡില്‍ ഇവര്‍ക്കൊപ്പം ദീര്‍ഘനാളായി താമസിച്ചുവന്ന പങ്കാളി ടോണി ഗാര്‍നെറ്റ് എന്ന 29 കാരന്‍, തങ്ങളുടേ വീട്ടില്‍ അഭയം തേടിയെത്തിയ 22 കാരിയായ സോഫിയ കാര്‍ക്കഡിം എന്ന യുക്രെയിന്‍ യുവതിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് ഇവരെ ദുഃഖത്തിലാക്കിയത്. വെറും പത്തു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം കണ്ടുമുട്ടിയ ഈ യുക്രെയിന്‍ യുവതിക്കൊപ്പം ബാക്കിയുള്ള ജീവിതം ജീവിച്ചു തീര്‍ക്കണം എന്നാണ് ടോണി പറയുന്നത്.
ല്വിവില്‍ നിന്നും ജീവനും കൊണ്ട് ഓടിയെത്തിയ സോഫിയ പറയുന്നത്, ആദ്യ കാഴ്‌ച്ചയില്‍ തന്നെ ടോണിയെ താന്‍ പ്രണയിച്ചു പോയി എന്നാണ്. തങ്ങളുടേതായ ഒരു ലോകത്ത് ജീവിക്കാന്‍ ആഗ്രഹിച്ചു എന്നും അവര്‍ പറയുന്നു. ആദ്യ കാഴ്‌ച്ചയില്‍ തന്നെ ടോണിയെ വളച്ച്‌ തന്നില്‍ നിന്നും അകറ്റാന്‍ സോഫിയ തീരുമാനിച്ചിരുന്നിരിക്കാം എന്നാണ് ലോണ പറയുന്നത്. എന്തായാലും, കേവലം പത്തു ദിവസം കൊണ്ടാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും അവര്‍ പറയുന്നു.
അഭയാര്‍ത്ഥികളെ അതിഥികളായി സ്വീകരിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അത് അത്രയ്ക്ക് കാര്യമായി എടുത്തില്ല എന്ന് ലോണ പറഞ്ഞു. പിന്നീട് വാര്‍ത്തകളില്‍ യുക്രെയിന്‍ ജനതയുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞപ്പോഴാണ് അത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നും അവര്‍ പറയുന്നു. കടുത്ത ദുരിതത്തില്‍, നാടും വീടും ഉപേക്ഷിച്ചെത്തുന്ന നിസ്സഹായര്‍ക്ക്, സുരക്ഷിതമായ ഒരു മേല്‍ക്കൂരയും കുടുംബത്തിന്റെ സ്നേഹവും നല്‍കുന്നത് ഉത്തമമായ ഒരു കാര്യമായി താന്‍ കരുതി എന്നും അവര്‍ പറയുന്നു.എന്നിട്ട്, സോഫിയ തനിക്ക് നല്‍കിയ പ്രതിഫലം ഇതായിരുന്നു എന്നും അവര്‍ പറയുന്നു.
ഒരു ഐ ടി മാനേജര്‍ ആയി ജോലി ചെയ്തിരുന്ന സോഫിയ, യുക്രെയിനില്‍ നിന്നും ബെര്‍ലിനില്‍ എത്തിയ ശേഷംആഴ്‌ച്ചകള്‍ കാത്തിരുന്ന് ബ്രിട്ടീഷ് വിസ ലഭിച്ച്‌ മാഞ്ചസ്റ്ററില്‍ എത്തുന്നത് മെയ്‌ 4 നായിരുന്നു. ഒരു ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഇവര്‍ ടോണിയുമായി ബന്ധപ്പെടുന്നതും ഇവരുടെ വീട്ടില്‍ അതിഥിയായി എത്തുന്നതും. ടോണി പെട്ടെന്ന് തന്നെ സോഫിയയുമായി അടുത്തു. അതുപോലെ അവരുടേ ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും സോഫിയയുമായി അടുത്തു.
സ്ലോവാക്യന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ടോണിക്ക് അതിനോട് ഏറെ സമാനതകളുള്ള യുക്രെയിന്‍ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവര്‍ വീടിനകത്ത് സ്വതന്ത്രമായി തങ്ങളുടെ പ്രണയം കൈമാറി. ഇവര്‍ എന്താണ് സംസാരിക്കുന്നതെന്ന് ലോണക്ക് മനസ്സിലായതുമില്ല. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും ഒരുമിച്ച്‌ ജിമ്മില്‍ പോകാനും മറ്റും ആരംഭിച്ചു. വീടിനകത്തും ഓരോ അവസരങ്ങള്‍ ഉണ്ടാക്കി അവര്‍ പരസ്പരം സ്പര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ടോണി പറയുന്നു.
ഇവര്‍ തമ്മില്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങിയതോടെ വീടിനകത്ത് കലഹങ്ങള്‍ ആരംഭിച്ചു. ഇതോടെ ആ വീട്ടില്‍ തുടര്‍ന്ന് താമസിക്കാന്‍ സാധ്യമല്ലെന്ന് സോഫിയ പറയുകയായിരുന്നു. പിന്നീട് സോഫിയയും ലോണയും തമ്മില്‍ നേരിട്ടുള്ള കലഹങ്ങള്‍ ആരംഭിച്ചതോടെ ആ വീട്ടില്‍ ലോണയ്ക്കൊപ്പം കഴിയാനാകില്ലെന്ന് സോഫിയ തീര്‍ത്തുപറയുകയായിരുന്നു. സോഫിയ പോവുകയാണെങ്കില്‍ താനും വീടു വിടുകയാണെന്നു പറഞ്ഞ് പത്തു വര്‍ഷം ഒരുമിച്ച്‌ താമസിച്ച പങ്കാളിയെ ഉപേക്ഷിച്ച്‌, 10 ദിവസം മുന്‍പ് മാത്രം കണ്ടുമുട്ടിയ സോഫിയയും ഒന്നിച്ച്‌ ടോണിയും വീടുവിട്ടിറങ്ങി.
ലോണയെ ഓര്‍ത്ത് ദുഃഖമുണ്ടെന്നും ഇങ്ങനെയൊക്കെ സംഭവിച്ചത് ലോണയുടെ തെറ്റുകൊണ്ടല്ലെന്നും ടോണി പറയുന്നു. ആരെയും വേദനിപ്പിക്കാനായിരുന്നില്ല ഇതൊന്നും എന്നും ടോണി പറയുന്നു. എല്ലാം സംഭവിച്ചു പോയി എന്നുമാത്രമാണ് ഇപ്പോള്‍ അയാള്‍ പറയുന്നത്.

Related Articles

Back to top button