KeralaKozhikodeLatestMotivation

കോഴിക്കോട്ടെ നൗജിഷ ഒരു ജീവിത സന്ദേശം

“Manju”

കോഴിക്കോട്: ഭര്‍ത്താവിന്റെ വീട്ടിലെ മാനസികവും ശാരീരികവുമായ കൊടിയ പീഡനം, ശാരീരികമായ മര്‍ദ്ദനവും സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ കിണറ്റിന്‍ കരയിലേക്ക് ഓടിയ ആ പേരാമ്ബ്രക്കാരി, കിണറിന്റെ ആഴം കണ്ട് ഭയന്ന് പിന്മാറിയ അതേ പെണ്‍കുട്ടി നൗജിഷ, ജീവിതത്തിലേക്ക് തിരികെ നടന്നു .

ജീവിതത്തേക്കാള്‍ എളുപ്പമാണ് ആത്മഹത്യ, ജീവിച്ച്‌ കാണിക്കുകയാണ് പ്രയാസം, ആരോ എവിടെയൊക്കെയോ പറഞ്ഞു കേട്ട ആ പ്രയാസം നന്നായി തിരിച്ചറിഞ്ഞാണ് വിജയ വഴിയില്‍ നൗജിഷ ബൂട്ടണിയുന്നത്. ആ കിണറ്റിന്‍കരയില്‍ നിന്ന് തിരിഞ്ഞു നടക്കാതെ, എരിഞ്ഞടങ്ങിയ നൂറുകണക്കിന് പെണ്ണുദാഹരണങ്ങളില്‍ നിന്ന് മാറി നടന്നു അവള്‍. വിവാഹ മോചനം നേടി കുട്ടിയെയും കൊണ്ട് അവളുടെ വീട്ടിലേക്ക് വന്നു. തുട‍ര്‍ന്നായിരുന്നു അവളുടെ കരുത്തുറ്റ, ജീവിത വിജയം വരെ നീണ്ട പോരാട്ടം. ഒടുവില്‍ കഴിഞ്ഞ ദിവസം അവര്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നും പാസിങ് ഔട്ട് പരേഡ് കഴിഞ്ഞു. സ്വന്തം മകനെ വാരിപ്പുണര്‍ന്ന് നില്‍ക്കുന്ന നൗജിഷയുടെ വീഡിയോ സോഷ്യല്‍മീഡിയയുടെയും ഹൃദയം തൊട്ടു.


എംസിഎ -കാരിയായ നൗജിഷ പേരാമ്ബ്രയിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഒരു പാരലല്‍ കോളേജില്‍ അധ്യാപികയായി ജോലി ചെയ്തു. ഒപ്പം പിഎസ്‌സി പരീക്ഷകള്‍ക്ക് മുഴുവന്‍ സമയ തയ്യാറെടുപ്പും. അവളുടെ കഠിന പരിശ്രമം വിജയം കണ്ടു. അവളിന്ന് പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറാണ്.
സാഹചര്യങ്ങളെ നേരിടാന്‍ കഴിയാത്ത നിരവധി വിസ്മയമാരെ കാണുന്ന കാലഘട്ടത്തില്‍, പെണ്‍കുട്ടികള്‍ക്ക് നൗജിഷയുടെ ജീവിതം പാഠമാക്കാം. അവസാനിപ്പിക്കേണ്ടതല്ല ജീവിതം, ഇച്ഛാശക്തിയോടെ മുന്നോട്ട് പോയാല്‍ നൂറു വഴികള്‍ തുറക്കുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട് നൗജിഷ. അതുകൊണ്ടുതന്നെ അവരുടെ ജീവിതം തന്നെയാണ് അവ‍ര്‍ നല്‍കുന്ന ഏറ്റവും വലിയ സന്ദേശവും.

Related Articles

Back to top button