IndiaLatest

സൈനിക വാഹനം പുഴയിലേക്ക് മറിഞ്ഞ് മലയാളി സൈനികന്‍ ഉള്‍പ്പെടെ ഏഴ് മരണം

“Manju”

ശ്രീനഗര്‍: ലഡാക്കില്‍ സൈനിക വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് ഒരു മലയാളി സൈനികന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മലപ്പുറം സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് സജലാണ് (41) മരിച്ച മലയാളി സൈനികന്‍. ഇന്ത്യ പാക് അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീണത്. ആകെ 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം.

രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം നടന്നത്. ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം വീണതെന്നാണ് സൂചന. വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പര്‍താപൂറിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പര്‍താപൂറിലേക്ക് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്. തോയ്സില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവര്‍ക്കെല്ലാം വൈദ്യസഹായം നല്‍കുന്നുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. ഗുരുതര പരിക്കുള്ളവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് വ്യോമസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button