Uncategorized

പ്രഭാതഭക്ഷണത്തിന്റെ ഗുണനിലവാരമറിയാന്‍ അതിരാവിലെ സ്‌കൂളിലെത്തി മുഖ്യമന്ത്രി

“Manju”

വെല്ലൂര്‍: പ്രഭാതഭക്ഷണ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ സ്കൂളില്‍ അപ്രതീക്ഷിത പരിശോധന നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്‌കൂളിലായിരുന്നു മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. വെല്ലൂര്‍ ജില്ലാ കളക്ടര്‍ കുമാരവേല്‍ പാണ്ഡ്യന്‍, വെല്ലൂര്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ പി.അശോക് കുമാര്‍ എന്നിവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു.

രാവിലെ ഏഴരയോടെ സ്‌കൂളിലെത്തിയ മുഖ്യമന്ത്രി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അന്‍പഴകനുമായി സ്‌കൂളിന്റെ ആവശ്യങ്ങളെക്കുറിച്ചും അവിടെ നല്‍കുന്ന പ്രഭാതഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ മിണ്ടാന്‍ പോലും കഴിഞ്ഞില്ലെന്നും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അന്‍പഴകന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി കുറച്ച്‌ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം വിളമ്പുകയും വിദ്യാര്‍ത്ഥികളുടെ എണ്ണം, അവരുടെ പഠനത്തെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആദി ദ്രാവിഡര്‍ ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്‌കൂളാണ്. 73 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 132 കുട്ടികളാണ് സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്നത്. ഭൂരിഭാഗം വിദ്യാര്‍ഥികളും ആദിവാസി ഇരുള വിഭാഗത്തില്‍ നിന്നുള്ളവരാണ്. വെല്ലൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സത്തുവാചാരിയിലെ വെല്‍നസ് സെന്ററും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം നല്‍കുന്ന കമ്മ്യൂണിറ്റി കിച്ചണും എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു

Related Articles

Back to top button