InternationalLatestNature

കുറുകേ പാലങ്ങളില്ലാത്ത നദി

“Manju”

ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ് ആമസോണ്‍ (Amazon River). ഇതു മാത്രമല്ല, മറ്റനേകം പ്രത്യേകതകളും ആമസോണിന് ഉണ്ട്.
ഏറ്റവും വലിയ ഡോള്‍ഫിന്‍ (dolphin) ഇനത്തിന്റെയും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെയും ആവാസ വ്യവസ്ഥ കൂടിയാണ് ആമസോണ്‍ നദി. ഇങ്ങനെ അഭിമാനിക്കാന്‍ കാര്യങ്ങള്‍ പലതുമുള്ള ആമസോണ്‍ നദിക്ക് ഇല്ലാത്ത ഒരു അടിസ്ഥാന കാര്യമുണ്ട്. പാലങ്ങള്‍ (bridges) ആണ് അവ.

ബ്രസീല്‍, പെറു, കൊളംബിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലൂടെയാണ് ആമസോണ്‍ നദി ഒഴുകുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ നദിയെ ആശ്രയിച്ച്‌ ജീവിക്കുന്നുണ്ട്. എന്നാല്‍ ആമസോണ്‍ നദിക്ക് ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് കടക്കാന്‍ പാലമില്ല എന്ന കാര്യം ചിലര്‍ക്കെങ്കിലും വിചിത്രമായി തോന്നാം.

ആമസോണിനെക്കാള്‍ ചെറിയ നദികളില്‍ പോലും നൂറുകണക്കിന് പാലങ്ങള്‍ ഉണ്ട്. ഏറ്റവും നീളം കൂടിയ നദിയായ നൈലിന് (Nile) ഒന്നിലധികം പാലങ്ങളുണ്ട്. ഇതില്‍ ഒന്‍പതും കെയ്‌റോയില്‍ മാത്രം ആണ്. ആമസോണിന് പാലങ്ങള്‍ ആവശ്യമില്ല എന്നതാണ് ഇതിനു കാരണമെന്ന് സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വാള്‍ട്ടര്‍ കോഫ്മാന്‍ (Walter Kaufmann) പറയുന്നു.

ജനസാന്ദ്രത കുറവുള്ള പ്രദേശങ്ങളിലൂടെയാണ് ആമസോണ്‍ നദി ഒഴുകുന്നത്. ചരക്കു നീക്കത്തിനും ​ഗതാ​ഗതത്തിനും ആളുകള്‍ പ്രധാനമായും ബോട്ടുകളെയും ഫെറികളെയും ആശ്രയിക്കാറുണ്ടെന്നും പാലം നിര്‍മിക്കുന്നതിന് ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും വാള്‍ട്ടര്‍ കോഫ്മാന്‍ പറയുന്നു. നദിയുടെ സമീപത്തുള്ള വലിയ പട്ടണങ്ങളില്‍ പാലത്തിന്റെ ആവശ്യമില്ലാതെ തന്നെ ആളുകളെ ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് എത്തിക്കാന്‍ സുസ്ഥിരമായ ഗതാഗത സൗകര്യവുമുണ്ട്.

ആമസോണ്‍ നദിക്ക് സമീപമുള്ള പ്രദേശങ്ങള്‍ പാലം പണിയാന്‍ പറ്റിയ സ്ഥലങ്ങളല്ല. ചതുപ്പുനിലങ്ങളും മൃദുവായ മണ്ണും നിര്‍മ്മാതാക്കള്‍ക്ക് വെല്ലുവിളി തന്നെ ആയിരിക്കും. ശക്തമായ അടിത്തറ നിര്‍മിക്കുന്നതിന് ആഴത്തില്‍ കുഴിക്കേണ്ടിവരും. പരിസ്ഥിതി സംരക്ഷണമാണ് മറ്റൊരു കാരണം. ആമസോണിലെ പരിസ്ഥിതി വളരെ സങ്കീര്‍ണമായ ഒന്നാണെന്നും കോഫ്മാന്‍ പറഞ്ഞു.

ആമസോണിന് കുറുകെ പാലങ്ങളൊന്നുമില്ലെങ്കിലും അതിന്റെ പ്രാഥമിക പോഷകനദിയായ നീഗ്രോ നദിക്കു (Negro River) കുറുകെ പോന്റെ റിയോ നീഗ്രോ (Ponte Rio Negro) എന്ന ഒരു പാലമുണ്ട്. 2011 ലാണ് ഈ പാലം നിര്‍മിച്ചത്.

ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ നദിയാണ് ആമസോണ്‍. 6,400 കിലോമീറ്റര്‍ നീളമുള്ള നദി പ്രധാനമായും തെക്കേ അമേരിക്കയിലൂടെയാണ് ഒഴുകുന്നത്. ബ്രസീലില്‍ വച്ചാണ് ആമസോണ്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ചേരുന്നത്. ആമസോണിനെ കടല്‍ നദി എന്നും വിളിക്കാറുണ്ട്. പെറുവിലെ നെവാഡൊ മിസ്മി എന്ന മഞ്ഞു പാളിയില്‍ നിന്നാണ് ആമസോണ്‍ നദി ഉദ്ഭവിക്കുന്നത്. ലോകത്തെ സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ അഞ്ചിലൊന്നും ആമസോണില്‍ നിന്നാണ്‌. ലോകത്തിലെ ജൈവ സമ്ബത്തില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ആമസോണ്‍ ഉഷ്ണമേഖലാ മഴക്കാടുകളില്‍ ആണ് കാണപ്പെടുന്നത്.

Related Articles

Back to top button