KeralaLatest

“എന്‍ ഊര്” ഗോത്ര പൈതൃക ഗ്രാമം ഇന്ന് നാടിന് സമര്‍പ്പിക്കും

“Manju”

വയനാട്: പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപം നിര്‍മാണം പൂര്‍ത്തിയായ എന്‍ ഊര്ഗോത്ര പൈതൃക ഗ്രാമം ഇന്ന് രാവിലെ 11.30 ന് മന്ത്രി കെ രാധാകൃഷ്‌ണന്‍ നാടിന് സമര്‍പ്പിക്കും. രണ്ടാംഘട്ട നിര്‍മാണം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യും.

ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മഴക്കാല ഗോത്ര പാരമ്പര്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള മഴക്കാഴ്ച’ നാല്‌, അഞ്ച്‌ തീയതികളില്‍ നടക്കും. പ്രദര്‍ശനം ഒ ആര്‍ കേളു എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര കലാരൂപ പ്രദര്‍ശനം, മഴക്കാല ഗോത്ര പുരാതന കാര്‍ഷികവിള, ഉപകരണ പ്രദര്‍ശനം, മഴക്കാല ഗോത്ര മരുന്നുകള്‍, ഗോത്ര തനത് ആവിക്കുളി, പിആര്‍ഡിയുടെ ഗോത്ര ഫോട്ടോഗ്രഫി പ്രദര്‍ശനം എന്നിവയും നടക്കും. കുടുംബശ്രീ ട്രൈബല്‍ കഫ്‌തീരിയ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.

എന്‍ ഊര് സ്ഥാപക അംഗങ്ങളായ ഊരുമൂപ്പന്മാരെ ആദരിക്കലും ജില്ലാ നിര്‍മിതി കേന്ദ്രക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. വയനാട്ടിലെ ഗോത്ര പാരമ്പര്യ വിദഗ്ധരെയും എന്‍ ഊര് ആര്‍ക്കിടെക്ടുകളെയും മന്ത്രി പി എ മുഹമ്മദ് റിയാസും എന്‍ ഊര് സിഎസ്‌ആര്‍ ഫണ്ട് സപ്പോര്‍ട്ടേഴ്സിനെ ടി സിദ്ദിഖ് എംഎല്‍എയും ആദരിക്കും. സമാപന സമ്മേളനം അഞ്ചിന് പകല്‍ മൂന്നിന് ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനംചെയ്യും. രണ്ടു ദിവസവും ഗോത്രകലാ പരിപാടികളും അരങ്ങേറും.

ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ കോര്‍ത്തിണക്കി ഗോത്ര ജനതയ്ക്ക് വരുമാനവും ജീവിത അഭിവൃദ്ധിയും ഒരുക്കാനാണ് ഇതു വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗോത്ര വിപണി, വംശീയ ഭക്ഷണശാല, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ഹൗസ് തുടങ്ങിയവയാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. വയനാട്ടില്‍ വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന പൂക്കോട്ടാണ് എന്‍ ഊരും.

Related Articles

Back to top button