LatestThiruvananthapuram

പൊതു ജനങ്ങള്‍ക്കും ആയുധപരിശീലനം

“Manju”

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കാനൊരുങ്ങി കേരള പോലീസ്. നിലവില്‍ തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനായി അപേക്ഷിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കുക. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പുറത്തിറക്കി.

ലൈസന്‍സുള്ളവര്‍ക്ക് പോലും എങ്ങനെ ആയുധം ഉപയോഗിക്കണം എന്ന കാര്യത്തില്‍ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഇതിന് പരിഹാരം വേണമെന്നും കാണിച്ച്‌ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. പിന്നാലെയാണ് ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച്‌ ഡിജിപി ഉത്തരവിറക്കിയത്.

പരിശീലനത്തിനായി പ്രത്യേക സമിതിയും സിലബസും തയ്യാറാക്കിയിട്ടുണ്ട്. 1000 മുതല്‍ 5000 രൂപ വരെയാണ് പരിശീലന ഫീസായി പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ആയുധങ്ങളെക്കുറിച്ച്‌ മനസിലാക്കാനും പരിചയപ്പെടാനും 1000 രൂപ ഫീസടച്ചാല്‍ മതിയാകും. അതേസമയം, ഫയറിംഗ് പരിശീലനം പോലെയുള്ള കാര്യങ്ങള്‍ക്ക് ഫീസ് കൂടും. വിവിധ ബറ്റാലിയനുകളില്‍ വച്ചായിരിക്കും പരിശീലനം നല്‍കുക.

പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ രേഖകള്‍, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയാല്‍ മാത്രമേ ആയുധ പരിശീലനം ലഭിക്കുകയുള്ളു.
നിലവില്‍ സംസ്ഥാനത്ത് പോലീസ് അംഗങ്ങള്‍ക്ക് മാത്രമാണ് ആയുധപരിശീലനം ലഭിക്കുന്നത്. പോലീസിന്റെ വിവിധ ബറ്റാലിയനുകളിലും തൃശൂര്‍ പോലീസ് അക്കാദമിയിലുമാണ് ആയുധ പരിശീലനം നല്‍കി വരുന്നത്.

Related Articles

Back to top button