HealthKeralaLatest

ശരീര പ്രശ്‌നങ്ങള്‍ ഇപ്പോഴും ഉണ്ടോ?.. കൊവിഡ് വിട്ടു പോയിട്ടില്ലെന്ന് ഉറപ്പിക്കാം

“Manju”

കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതം രണ്ടോ മൂന്നാേ വര്‍ഷങ്ങളില്‍ ഒതുങ്ങുന്നതല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കൊവിഡ് കണക്ക് ഏതാനും മാസത്തിന്റെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഉയരുകയാണ്.
നിശബ്ദ കൊലയാളിയെപ്പോലെ കൊവിഡ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് ചുരുക്കം.
നാളുകള്‍ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞദിവസം ക്ലസ്റ്ററും രൂപപ്പെട്ടത് തൃശൂരിലാണ്. പൊലീസ് അക്കാഡമിയില്‍ ട്രെയിനികളായ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്ലസ്റ്ററാക്കിയത്. സ്കൂള്‍തുറന്ന ബുധന്‍ മുതല്‍ വെള്ളി വരെയുള്ള മൂന്നു ദിവസത്തിനുള്ളില്‍ തൃശൂരില്‍ കൊവിഡ് ബാധിച്ചത് 354 പേര്‍ക്കായിരുന്നു. മാര്‍ച്ചിലും ഏപ്രിലിലും രണ്ടക്കത്തിലായിരുന്ന പ്രതിദിന രോഗബാധയാണ് മൂന്നു ദിവസങ്ങളില്‍ നൂറ് കടന്നത്.
കൊവിഡ്കാലം എന്ന് അറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യസംരക്ഷണം തന്നെയാണ് മുഖ്യമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. എന്നാല്‍ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്‌ സംസാരിക്കാതെ രോഗത്തെയും ചികിത്സയെയും കുറിച്ച്‌ മാത്രമാണ്, സമൂഹം ചര്‍ച്ച ചെയ്തു വരുന്നതെന്നും ഓര്‍ക്കണം. രോഗം, രോഗാണു, ചികിത്സ, ആശുപത്രി സൗകര്യങ്ങള്‍ എന്നിങ്ങനെ പോകുന്ന ചര്‍ച്ചകളില്‍ ആരോഗ്യ സംരക്ഷണത്തെ വേണ്ടത്ര നാം ഉള്‍പ്പെടുത്തിയോ? ആയുര്‍വേദവും ഹോമിയോയുമെല്ലാം പ്രയോഗിച്ച്‌ രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ശ്രമങ്ങള്‍ നടത്തിയെന്നത് സത്യം തന്നെ. പക്ഷേ, കൊവിഡ് കുറഞ്ഞ്, നിയന്ത്രണങ്ങളും നീക്കിയതോടെ എല്ലാം പഴയപടിയായി. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും മാത്രമല്ല, എന്തും എങ്ങനെയും എവിടെ നിന്നും കഴിക്കാമെന്നായി. രണ്ടുവര്‍ഷത്തെ നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച മാനസികപ്രശ്‌നങ്ങള്‍ മറികടക്കാന്‍ അടിച്ചുപൊളിച്ച്‌ ജീവിച്ചാല്‍ മതിയെന്നായി ചിന്ത. അതിന്‍്റെ ഫലമായി ഹോട്ടല്‍ ഭക്ഷണങ്ങളെ അമിതമായി ആശ്രയിക്കുന്ന സ്ഥിതിയുണ്ടായി. ഷവര്‍മ്മയും അല്‍ഫാമുമെല്ലാം ഹോട്ടലുകളില്‍ യഥേഷ്ടം. ആവശ്യക്കാരേറിയതോടെ വൃത്തിയും വെടിപ്പുമില്ലാതെ, തോന്നിയതുപോലെ ഭക്ഷണം വില്‍ക്കുന്ന സാഹചര്യമാണ് ഈയിടെയുണ്ടായ നിരവധി ഭക്ഷ്യവിഷബാധകള്‍ക്ക് കാരണം. അതോടൊപ്പം, ജീവിതശൈലീ രോഗങ്ങളും പഴയതിനേക്കാള്‍ ശക്തമായി തലപൊക്കി.
കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ക്കിടെ അനാരോഗ്യകരമായ ഭക്ഷണശൈലിയാണ് എല്ലാം തകിടം മറിച്ചത്. അതുകൊണ്ടു തന്നെ ഭാരതീയചികിത്സാ സമ്ബ്രദായവും ഭക്ഷണരീതിയും നിലനിറുത്തേണ്ടതിന്റെ അനിവാര്യത കൂടുതല്‍ ശക്തമാകുന്നു.
ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്‌,അതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌, വ്യക്തവും സരളവുമായി പറഞ്ഞിരിക്കുന്ന ജീവശാസ്ത്രമാണ് ആയുര്‍വേദം. കേരളത്തിന്റെ തനത് ആരോഗ്യമേന്മയ്ക്ക് ആയുര്‍വേദം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. ആരോഗ്യത്തിന്റെ അടിസ്ഥാനഘടകങ്ങളായ ആഹാരം, വ്യായാമം, ഉറക്കം എന്നിവയെക്കുറിച്ച്‌ വീണ്ടും ബോധവത്‌കരണം തുടരേണ്ടിയിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ച്‌, ആരോഗ്യ വീണ്ടെടുപ്പിനെ കുറിച്ചുമുളള ചര്‍ച്ചകള്‍ സജീവമാകണം.
കാലം തെറ്റിയുള്ള കാലവര്‍ഷം : കാലം തെറ്റിയ മഴയും കാലാവസ്ഥയില്‍ ചൂടേറിയ ജലബാഷ്പം ഏറെയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഷിഗല്ല അടക്കം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയകള്‍ പെരുകാനുള്ള സാദ്ധ്യത വളരെ കൂടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തിനും ഈ കാലവര്‍ഷം വഴിവയ്ക്കുന്നുണ്ടെന്നാണ് കരുതുന്നത്. വൈറസും ബാക്ടീരിയയുമെല്ലാം സജീവമാകുന്ന കാലം.
കഴിഞ്ഞ ദിവസം തൃശൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ ഷിഗല്ല ബാക്ടീരിയ വ്യാപനമുണ്ടായതോടെ കടുത്ത ജാഗ്രതയിലായിരുന്നു ആരോഗ്യവകുപ്പ്. മുട്ട, പാല്‍ മത്സ്യം മാംസം, വെള്ളം എന്നിവയെല്ലാം മലിനമാകുന്നതിലൂടെ ഷിഗല്ല ബാക്ടീരിയ ബാധയുണ്ടാകാം. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങള്‍ കൂടുതലും പടര്‍ന്നുപിടിക്കുന്നത് ഹോസ്റ്റലുകളിലാണ്. ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുകയും പങ്കുവയ്ക്കുകയും ശൗചാലയങ്ങള്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുകയുമെല്ലാം ചെയ്യുന്നതിലൂടെയാണ് രോഗം പടരുന്നത്. കഴിഞ്ഞ നവംബറില്‍ തൃശൂര്‍ നഗരത്തിലെ വനിതാ കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസും ബാധിച്ചിരുന്നു.
കണ്ണുകളും മനസും അടക്കം : കൊവിഡ് നമ്മുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നതിലും സംശയമില്ല. മറവി, ഉത്കണ്ഠ, വിഷാദം, സാമൂഹ്യമാദ്ധ്യമങ്ങളോടുളള അടിമത്തം… തുടങ്ങി നിരവധി മാനസിക പ്രശ്നങ്ങളും പിരിമുറുക്കങ്ങളും തുടരുകയാണ്. മറ്റ് അവയവങ്ങളുടെ പ്രശ്നങ്ങളും ഗുരുതരമായി തുടരുന്നുണ്ട്. കണ്ണുകള്‍ക്ക് സംഭവിച്ച രോഗങ്ങളും പലവിധമാണ്. കണ്ണിനു ചുവപ്പ്, ചൊറിച്ചില്‍, ചുട്ടുനീറ്റല്‍, പീളകെട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് കൊവിഡ് ബാധ കൊണ്ടാകണം എന്ന് കരുതി വേണം നമ്മുടെ തുടര്‍പ്രവര്‍ത്തനമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കൊവിഡ് വിമുക്തരിലും കണ്ണുകളില്‍ ചുട്ടുനീറ്റം, വരള്‍ച്ച,കണ്ണില്‍ എന്തോ കിടക്കുന്നതുപോലെ തോന്നുക, തുടങ്ങിയവയാണ് കൂടുതലായി കണ്ടുവരുന്നത്. പ്രമേഹരോഗികളുടെ പ്രമേഹം വര്‍ദ്ധിക്കുന്നതിനും അതുവഴി പ്രമേഹം നേത്ര രോഗങ്ങളും ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചു.
കൊവിഡ് വ്യാപന കാലത്ത് ആശുപത്രിയില്‍ പോകാന്‍ ഉള്ള മടി കാരണം കാഴ്ച നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. കൊവിഡ് ഭയം, മറ്റു മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ പലരുടേയും പ്രമേഹം അടക്കമുളള രോഗങ്ങളെ വര്‍ദ്ധിപ്പിച്ചു. അത് പ്രമേഹജന്യ നേത്ര രോഗത്തെയും വര്‍ദ്ധിപ്പിച്ചു. റെറ്റിനയില്‍ രക്തസ്രാവം ഉണ്ടാവുകയും, റെറ്റിന വിട്ടുപോകുകയും അന്ധതയിലേക്ക് എത്തുകയും ചെയ്തവരുണ്ട്. കൊവിഡ് നേരിട്ടല്ലാതെ ഒളിപ്പോര്‍ നടത്തി തളര്‍ത്തിയവര്‍ ഏറെയുണ്ട്. വീടുകളെല്ലാം ക്ലാസ് മുറികള്‍ ഓഫീസുകളും ആയപ്പോള്‍, ഓണ്‍ലൈന്‍ ജോലികള്‍ ഏറ്റവുമധികം ക്ഷീണിപ്പിച്ചത് കണ്ണുകളെ ആയിരുന്നു. മൊബൈലും ലാപ്ടോപ്പുമെല്ലാം യുക്തിപൂര്‍വ്വം അല്ലാതെ ഉപയോഗിച്ചവര്‍ക്ക് നിരവധി നേത്ര ആരോഗ്യപ്രശ്നങ്ങളാണുണ്ടയാത്. ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്ന ഈ രോഗാവസ്ഥ ഇപ്പോഴും തുടരുന്നുവെന്നതാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കണ്ണുകള്‍ക്ക് കഴപ്പ്, വേദന, കണ്ണിന് ചുവപ്പ്, വരള്‍ച്ച, കാഴ്ചക്കുറവ്, തലവേദന, വസ്തുക്കളെ രണ്ടായി കാണുക അങ്ങനെ രോഗലക്ഷണങ്ങള്‍ പലവിധമായിരുന്നു. എന്തായാലും ശരീരത്തിന്‍്റെ അടി തൊട്ടു മുടി വരെ കൊവിഡും കൊവിഡാനന്തര രോഗങ്ങളും മനുഷ്യരെ ഒളിഞ്ഞും തെളിഞ്ഞും പിടികൂടുന്നുണ്ടെന്ന് നമ്മള്‍ മറക്കാതിരിക്കണം.

Related Articles

Back to top button