Latest

‘അടിമത്തത്തിന്റെ കാലം കഴിഞ്ഞു, ഇന്ന് ഇന്ത്യ ലോകത്തെ നയിക്കുന്നു‘: പ്രധാനമന്ത്രി

“Manju”

മ്യൂണിക്: ജർമ്മനിയിലെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹത്തിന്റെ ആവേശോജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ് അടിയന്തിരാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ജി-7 ഉച്ചകോടിയുടെ ഭാഗമായി ജർമ്മനിയിൽ സന്ദർശനം നടത്തവെയാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തത്.

കഴിഞ്ഞ നൂറ്റാണ്ടിൽ ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യാവസായിക വിപ്ലവത്തിന്റെ നേട്ടങ്ങൾ നുകർന്നു. അന്ന് ഇന്ത്യ കോളനിവത്കരണത്തിന്റെ ദുരിതം പേറുകയായിരുന്നു. എന്നാൽ, വ്യാവസായിക വിപ്ലവത്തിന്റെ പുതുയുഗത്തിൽ ഇന്ത്യയാണ് ലോകത്തെ നയിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ഇന്ത്യയിലെ 99 ശതമാനം ഗ്രാമങ്ങളും വെളിയിട വിസർജ്ജന മുക്തമായിരിക്കുന്നു. രാജ്യത്ത് 10 കോടി ശൗചാലയങ്ങളാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. രാജ്യം ശുചിയായി സൂക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇന്ന് ജനങ്ങൾ ബോധവാന്മാരാണ്. ഇന്ന് ഏകദേശം എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിരിക്കുന്നു. പാചക ഇന്ധനത്തിന്റെ കാര്യത്തിലും ഇന്ത്യ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രി വ്യക്തമാക്കി.

സുസ്ഥിര കാലാവസ്ഥാ ചര്യകൾ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കൊറോണ വാക്സിനേഷൻ പൂർത്തീകരിക്കാൻ ഇന്ത്യ 15 വർഷം വരെ എടുക്കും എന്നാണ് പരിഹസിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് രാജ്യത്തെ പ്രായപൂർത്തിയായ 90 ശതമാനം ജനങ്ങളും രണ്ടാം ഘട്ട വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. കൂടാതെ, പ്രായപൂർത്തിയായ 95 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് ഇന്ത്യ വികസന സ്വപ്നം സാക്ഷാത്കരിക്കുന്ന മാർഗ്ഗത്തിലാണ്. സ്റ്റാർട്ട് അപ്പുകളുടെ കാര്യത്തിൽ സമീപകാലത്ത് വരെ ഇന്ത്യ ഒന്നും ആയിരുന്നില്ല. എന്നാൽ, ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റമാണ്. ഒരു കാലത്ത്, ഏറ്റവും ലളിതമായ ഫോണുകൾ പോലും നമ്മൾ ഇറക്കുമതി ചെയ്തിരുന്നു. ഇന്ന് നമ്മൾ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ്. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിലെ 80 ശതമാനം ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരഘോഷത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ജർമ്മനിയിലെ ഇന്ത്യൻ സമൂഹം സ്വീകരിച്ചത്.

Related Articles

Back to top button