IndiaLatest

മകനെന്ന വ്യാജേന 41 വര്‍ഷം

“Manju”

 

പട്‌ന: ബീഹാറില്‍ 41 വര്‍ഷക്കാലം ഒരു കുടുംബത്തെ മുഴുവന്‍ കബളിപ്പിച്ച്‌ ആഡംബരജീവിതം നയിച്ചയാള്‍ക്ക് തടവ് ശിക്ഷ. ബീഹാറിലെ നളന്ദ ജില്ലയിലെ മുര്‍ഗാവന്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ കാമേശ്വര്‍ സിങ് എന്നധനികനായ ഭൂവുടമയേയും കുടുംബത്തെയുമാണ് ദയാനന്ദ് ഗൊസൈന്‍ കബളിപ്പിച്ചത്. ആള്‍മാറാട്ടക്കേസിലാണ് കോടതി ഇയാളെ ഏഴുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. കാമേശ്വര്‍ സിങിന്റെ മക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ദയാനന്ദ് ഗൊസൈന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

1977 ലാണ് കേസിനാസ്പദമായ സംഭവം. കാമേശ്വര്‍ സിങിന്റെ 16 വയസുള്ള മകനെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായി. പിന്നീട് 1981 ല്‍ ദയാനന്ദ് ഗൊസൈന്‍ ഗ്രാമത്തിലെത്തി കാമേശ്വറിന്റെ കാണാതായ മകനെന്ന് അവകാശപ്പെട്ടു. പ്രായാധിക്യത്താല്‍ കാഴ്ച മങ്ങിയ കാമേശ്വര്‍ ഇയാളെ വീട്ടിലേക്ക് കൊണ്ട് വന്നു. എന്നാല്‍ കാമേശ്വറിന്റെ ഭാര്യ രാംസഖി അവകാശവാദവുമായി എത്തിയത് തന്റെ മകനല്ലെന്ന് പോലീസില്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി കാമേശ്വറിനെ കബളിപ്പിച്ച്‌ കാണാതായ മകനായി ആഡംബര ജീവിതം നയിച്ചു. ഇതിനിടെ ഇയാള്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും വിവാഹിതനാവുകയും ചെയ്തു. 40 വര്‍ഷക്കാലം ഇയാള്‍ കനയ്യ സിങായി ജീവിച്ചു. ഇതിനിടെ കാമേശ്വറിന്റെ മകളും മറ്റ് മക്കളും പരാതി നല്‍കി. എന്നാല്‍ കാമേശ്വറും ഭാര്യയും മരിച്ചതിന് പിന്നാലെ പ്രതി ഇവരുടെ 37 ഏക്കര്‍ സ്ഥലം വില്‍ക്കുകയും കുടുംബവീടിന്റെ ഒരു ഭാഗം സ്വന്തമാക്കുകയും ചെയ്തു.

ഡിഎന്‍എ പരിശോധന അടക്കമുള്ളവയ്‌ക്ക് ഇയാള്‍ തയ്യാറായില്ല. നിരന്തരമായ അന്വേഷണത്തിന് ശേഷം ജാമുവി സ്വദേശിയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയും കേസെടുക്കുകയുമായിരുന്നു. നാല്‍പത് വര്‍ഷത്തിനിടെ ഒരു ഡസനോളം ജഡ്ജിമാരാണ് ഈ കേസ് കേട്ടത്. ഒടുവില്‍ കുടുംബത്തിന് അനുകൂലമായി വിധി വരികയായിരുന്നു. എന്നാല്‍ ഇപ്പോഴും യഥാര്‍ത്ഥ കനയ്യ സിങ്ങിന് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.

Related Articles

Back to top button