KannurLatest

ആക്രിയില്‍ നിന്നും കിട്ടിയ സ്റ്റീല്‍ പാത്രം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

“Manju”

കണ്ണൂര്‍: ചാവശ്ശേരി പത്തൊന്‍പതാം മൈലിലെ വാടകവീട്ടിലുണ്ടായ സ്ഫോടനത്തില്‍ അസം സ്വദേശികളായ അച്ഛനും മകനും മരിച്ച സംഭവത്തില്‍, ബോംബ് വീട്ടിലെത്തിച്ചത് ഷഹിദുല്‍ ഇ‌സ്‌ലാം ആണെന്ന് സൂചന ലഭിച്ചതായി പൊലീസ്.

ആക്രിസാധനമെന്നു കരുതിയാണ് ഷഹിദുല്‍ ബോംബ് വീട്ടിലെത്തിച്ചതെന്നു പൊലീസ് പറയുന്നു. സംഭവ ദിവസം തനിച്ചാണ് ഷഹിദുല്‍ ആക്രി പെറുക്കാന്‍ പോയതെന്നു പൊലീസ് സ്‌ഥിരീകരിച്ചു.
ബോംബിന്റെ ഉറവിടം തേടി ഷഹിദുല്‍ ഇ‌സ്‌ലാം ആക്രി പെറുക്കാന്‍ പോയ വീടുകളും വഴികളും കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അസം സ്വദേശികളായ ഫസല്‍ ഹഖും മകന്‍ ഷഹിദുല്‍ ഇസ്‌ലാമും കഴിഞ്ഞ ദിവസമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
ആക്രിയായി കിട്ടിയ തിളക്കമുള്ള സ്റ്റീല്‍ പാത്രത്തില്‍ ‘അമൂല്യമായ’ എന്തോ ഉണ്ടെന്നു കരുതി രഹസ്യമായി തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം.
വീട്ടുവളപ്പിലുള്ള ആക്രി സാധനങ്ങള്‍ ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ല. ബോംബിന്റെ ഉറവിടം കണ്ടെത്തുന്നതിന്, ഇവര്‍ ആക്രിയും പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ച വഴി തേടുകയാണ് അന്വേഷണ സംഘം.
ഫസല്‍ ഹഖ് സംഭവസ്ഥലത്തും ഷഹിദുല്‍ ആശുപത്രിയിലുമാണു മരിച്ചത്. പ്ലാസ്റ്റിക് കുപ്പി ശേഖരിക്കുന്നതിനിടെ ലഭിച്ചതാകാം സ്റ്റീല്‍ ബോംബെന്നാണു പൊലീസിന്റെ നിഗമനം.
തിളക്കമുള്ളതും ഭാരമുള്ളതുമായ പാത്രത്തിനകത്തു സ്വര്‍ണമോ പണമോ ആയിരിക്കാമെന്നു വിചാരിച്ചാകും വീട്ടിലേക്കു കൊണ്ടുവന്നതെന്നും പൊലീസ് പറയുന്നു.
മറ്റു 3 പേര്‍ കാണാതെ തുറന്നു നോക്കാന്‍ വേണ്ടിയാണ് ഫസലും ഷഹിദുലും വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലെത്തിയത്. തുടര്‍ന്നു പാത്രം തുറക്കാന്‍ ശ്രമിച്ചപ്പോഴാണു പൊട്ടിത്തെറിയുണ്ടായത്.

Related Articles

Back to top button