IndiaLatest

ചീറ്റ വീണ്ടും ഇന്ത്യന്‍ മണ്ണില്‍ പായും

“Manju”

ന്യൂഡല്‍ഹി : വേഗത്തിന്റെ അടയാളമായ ചീറ്റ വീണ്ടും ഇന്ത്യന്‍ മണ്ണില്‍ പായും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇരുപത് ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി നടത്തുന്ന പരിശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍. മദ്ധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ കുനോ വന്യജീവി സങ്കേതത്തിലാവും ചീറ്റകള്‍ താവളം ഉറപ്പിക്കുക. ലോകത്തിലെ ആദ്യത്തെ ട്രാന്‍സ് കോണ്ടിനെന്റല്‍ ചീറ്റ ട്രാന്‍സ്‌ലോക്കേഷന്‍ പ്രോജക്റ്റാണ് ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളായ നമീബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് ഇടയില്‍ നടക്കുക. ഇത് സംബന്ധിച്ച ധാരണാ പത്രം ഇന്ന് ഒപ്പുവച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള ധാരണാപത്രം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള ചീറ്റ ദാതാക്കളുടെ സംഘം ജൂണ്‍ 15 ന് കുനോ സന്ദര്‍ശിച്ച്‌ തയ്യാറെടുപ്പുകള്‍ പരിശോധിക്കുകയും, തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 15നോ അതിനു ശേഷമോ ആവും ചീറ്റകള്‍ കുനോയില്‍ എത്തുക. ഈ പ്രഖ്യാപനം ഔദ്യോഗികമായി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നിന്ന് നടത്തുമെന്നും അറിയുന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ഉം, നമീബിയയില്‍ നിന്നും എട്ടും ചീറ്റകളെയാണ് ഇന്ത്യയില്‍ എത്തിക്കുക. ഇതില്‍ പത്ത് മുതല്‍ 12 എണ്ണമാവും കുനോയില്‍ ഉണ്ടാവുക. ബാക്കിയുള്ളവയെ എവിടെ പാര്‍പ്പിക്കും എന്ന് തീരുമാനമായിട്ടില്ല. അനുയോജ്യമായ സ്ഥലം സംബന്ധിച്ച്‌ കേന്ദ്രവും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും (എന്‍ടിസിഎ) വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും (ഡബ്ല്യുഐഐ) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പദ്ധതിയുടെ പ്രധാന സംഭാവന നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്.

Related Articles

Back to top button