KeralaLatest

സ്വാതന്ത്ര്യദിനത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക‍ ഉയര്‍ത്തും

“Manju”

 

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താന്‍ മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ആഗസ്ത് 13ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താവുന്നതാണ്. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ലെന്ന് ഫ്‌ളാഗ് കോഡില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖേനയാണ് പ്രധാനമായും പതാകകള്‍ വിതരണം ചെയ്യുക. സ്‌കൂള്‍ കുട്ടികള്‍ ഇല്ലാത്ത വീടുകളില്‍ പതാക ഉയര്‍ത്താനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കണം. പതാകകളുടെ ഉത്പാദനം കുടുംബശ്രീ ആരംഭിച്ചു. ആഗസ്റ്റ് 12 നുള്ളില്‍ പതാകകള്‍ സ്‌കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയര്‍ത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണം. 15ന് സ്‌കൂളുകളില്‍ പതാക ഉയര്‍ത്തിയ ശേഷം ചെറിയ ദൂരത്തില്‍ ഘോഷയാത്ര നടത്തണം. മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തില്‍ ഘോഷയാത്ര ആലോചിക്കണം.

സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ആഗസ്റ്റ് 10നുള്ളില്‍ ബാനറുകള്‍ കെട്ടണം. പ്രധാന സ്വാതന്ത്ര്യസമര കേന്ദ്രങ്ങളില്‍ 13 മുതല്‍ ഔദ്യോഗിക പരിപാടികള്‍ നടത്തണം. കുട്ടികളെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങള്‍ സന്ദര്‍ശിപ്പിക്കണം. സ്വാതന്ത്ര്യത്തിലെ തിളക്കമാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ക് ലറ്റ് വിതരണം ചെയ്യണം.

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടം ഉടന്‍ പൂര്‍ത്തീകരിക്കണം. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ഊര്‍ജിതമാക്കണം. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച്‌ വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ ശ്രദ്ധിക്കണം.

ജലജീവന്‍ മിഷന്‍ പദ്ധതി 2024 മാര്‍ച്ച്‌ മാസത്തോടെ പൂര്‍ത്തീകരിക്കാനാവശ്യമായ എല്ലാ സഹായവും ജില്ലാ കലക്ടര്‍മാര്‍ ചെയ്തു കൊടുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ ഇടപെടണം. ജില്ലാ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷന്‍ അവലോകനയോഗം നടത്തി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സമയബന്ധിതമായി പരിഹരിക്കണം. ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കണം. റോഡ് മുറിക്കല്‍, വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ ആവശ്യമായ സഹായം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button