KeralaLatestPalakkad

ഭാരതത്തിന്റെ ധർമ്മവും സംസ്കാരവുമാണ് ഗുരുക്കൻമാർ -സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

പാലക്കാട് : ഭാരതത്തിന്റെ ധർമ്മവും സംസ്കാരവുമാണ് ഗുരുക്കൻമാരെന്നും ഗുരുപരമ്പരകളാണ് നാടിന്റെ സ്വത്തെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമം സ്ഥാപക ആചാര്യൻ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റി ആറാമത് നവപൂജിതം ആഘോഷപരിപാടികളോടനുബന്ധിച്ച് കൊടുമ്പ് എസ്.എൻ. മഹൽ കല്യാണമണ്ഡപത്തിൽ നടന്ന നവപൂജിതം പാലക്കാട് ഏരിയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ലോകത്ത് ആത്മീയവെളിച്ചം പകരാൻ ഗുരുക്കൻമാർ ചേർത്ത് പിടിച്ചത് ഒന്നും അറിയാൻ പാടില്ലാത്ത സാധാരണക്കാരെയാണ്. ശിഷ്യനെ തന്നോളമെത്തിക്കുന്നതിനുള്ള തപസ്സായിരുന്നു ശ്രീകരുണാകര ഗുരുവിന്റെ ജീവിതമെന്നും ആ ഗുരുശിഷ്യപാരസ്പര്യമാണ് ശാന്തിഗിരിയുടെ അടിത്തറയെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി,, ജനനി കല്പന ജ്ഞാനതപസ്വിനി , ഡോ. ഷിബു. എസ്, സുധാമണി.കെ, എന്നിവർ പ്രസംഗിച്ചു. ആശ്രമം ഉപദേശക സമിതി അംഗം കെ. സുകേശൻ സ്വാഗതവും കോർഡിനേഷൻ കമ്മിറ്റിയംഗം ശ്രീധരൻ. ബി കൃതജ്ഞതയും പറഞ്ഞു. അയ്യപ്പൻ. ഡി, കരുണ, സുജിത, ശാന്തിനി കണ്ണൻ എന്നിവർ അവതരിപ്പിച്ച ഭക്തിഗാനങ്ങൾ സമ്മേളനത്തിന് മിഴിവേകി. ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളിലെ മുതിർന്ന പ്രവർത്തകരെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വേദിയിൽ ആദരിച്ചു. രാവിലെ 8 മണിക്ക് തുടങ്ങിയ സമ്മേളനം വൈകിട്ട് 6 ന് സമാപിച്ചു. ഏകദിന സത്സംഗത്തിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു.

ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനമാണ് ശാന്തിഗിരി പരമ്പര നവപൂജിതമായി ആചരിക്കുന്നത്. സെപ്തംബർ 1 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും ഏരിയ സത്സംഗങ്ങളും സമ്മേളനങ്ങളും സൗഹൃദക്കൂട്ടായ്മകളും നടക്കും.

Related Articles

Back to top button