Uncategorized

ഇന്ത്യയ്‌ക്ക് പരമ്പര;  രണ്ടാം ഏകദിനത്തിലെ ജയം 2 വിക്കറ്റിന്

“Manju”

പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് ഏകദിന പരമ്പര. ഇംഗ്ലണ്ടിനെതിരെ നേടിയ പരമ്പരയ്‌ക്ക് പിന്നാലെ നായകൻ മാറിയിട്ടും പല മുൻനിര താരങ്ങളില്ലാതിരുന്നിട്ടും ഇന്ത്യയുടെ നേട്ടം ബാറ്റിംഗിന്റെ ആഴം വെളിപ്പെടുത്തുന്നതായി.  രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസ് നിര ഉയർത്തിയ മികച്ച സ്‌കോറായ 6 ന് 311 ഇന്ത്യ രണ്ടു പന്തുകൾ ബാക്കി നിൽക്കേ എട്ടു വിക്കറ്റിന് 312 നേടി മറികടന്നു. മധ്യനിരയുടെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. മുൻനിരയിൽ ശ്രേയസ്സ് അയ്യരുടെ അർദ്ധസെഞ്ച്വറിയും(63) മധ്യനിരയിൽ സഞ്ജുവിന്റേയും(54) പുറത്താകാതെ അക്ഷർ പട്ടേലിന്റെ(64) തകർപ്പൻ ബാറ്റിംഗും വിൻഡീസിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി.

 

 

നായകൻ ശിഖർ ധവാൻ 13ന് പുറത്തായെങ്കിലും ഗില്ല്(43) ശ്രേയസ്സ് അയ്യർക്കൊപ്പം സ്‌കോർ ഉയർത്തുന്നതിൽ വിജയിച്ചു. സൂര്യകുമാർ 9 ന് പുറത്തായശേഷം എത്തിയ സഞ്ജു വിമർശകരുടെ വായടപ്പിച്ചുകൊണ്ട് മദ്ധ്യനിരയുടെ വിശ്വസ്തനാണെന്ന് ഒരിക്കൽകൂടി തെളിച്ചു. 51 പന്തിൽ 3 സിക്‌സറും 3 ഫോറുമടക്കം 54 റൺസുമായിട്ടാണ് സഞ്ജു ടീമിന് മുതൽക്കൂട്ടായത്. ഒപ്പം നിന്ന് കളിച്ച ഹൂഡ (33) പതിവിന് വിപരീതമായി ആഞ്ഞടിക്കാതെ ശ്രദ്ധിച്ചാണ് നീങ്ങിയത്.

ഹൂഡ പുറത്തായെങ്കിലും അക്ഷർ പട്ടേൽ ഒരറ്റത്ത് കത്തിക്കയറി. 35 പന്തിലാണ് അക്ഷർ 64 റൺസ് എടുത്തത്. വിൻഡീസ് നിരയുടെ മോഹം തല്ലിക്കെടുത്തിയ ഇന്നിംഗ്‌സിൽ 5 സിക്‌സറുകളും 3 ഫോറുമുണ്ടായിരുന്നു. ഷാർദ്ദൂൽ ഠാക്കൂറും(3) ആവേശ് ഖാനും(10) അവസാന ഓവറുകളിൽ പുറത്തായെങ്കിലും മുഹമ്മദ് സിറാജ്(1) നിൽക്കേ അക്ഷർ പട്ടേൽ ടീമിനെ വിജയത്തിലേക്കും പരമ്പരയിലേക്കും നയിച്ചു.

വിൻഡീസിനായി ജോസഫും മേയേഴ്‌സും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. സയ്ഡൻ സീലസും റൊമാരിയോ ഷെപ്പേർഡും അക്കീൽ ഹൊസൈനും ഓരോ വിക്കറ്റും സ്വന്തമാക്കി. മൂന്നാ മത്തെ ഏകദിനം 27ന് ഇതേ സ്‌റ്റേഡിയത്തിൽ തന്നെ നടക്കും.

Related Articles

Back to top button