Kerala

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി കറൻസി കൈമാറ്റ ചർച്ചകൾ പുരോഗമിക്കുന്നു

“Manju”

ന്യൂഡൽഹി: സാമ്പത്തികപ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ പട്ടിണിയുടെ പിടിയിലായലർക്ക് കൈതാങ്ങുമായി ഇന്ത്യ. ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകിയതായി കേന്ദ്രം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മാറ്റം ഉണ്ടായില്ലെങ്കിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകുമെന്ന നീരിക്ഷണത്തിലാണ് അടിയന്തര സഹായം നൽകാനൊരുങ്ങുന്നത്. മാനുഷിക സഹായത്തിനും ശ്രീലങ്ക അഭ്യർത്ഥിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആവശ്യമെങ്കിൽ കൊറോണയുമായി ബന്ധപ്പെട്ട നൽകിയ സഹായങ്ങൾക്കും, അഫ്ഗാനിസ്ഥാനു ഭക്ഷണ പാക്കേജുകളും മറ്റ് റേഷനുകളും നൽകിയതിനും സമാനമായി ശ്രീലങ്കയ്‌ക്കും സഹായങ്ങൾ നൽകുമെന്ന് കേന്ദ്രം ഉറപ്പു നൽകി.

സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനായി അന്താരാഷ്‌ട്ര നാണയ നിധിയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഒരു ബില്യൺ ഡോളറിന്റെ കറൻസി കൈമാറ്റത്തിനായി ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള അടിയന്തര ചർച്ചകളും നടക്കുന്നു.ഇന്ത്യ ഇതുവരെ 5 ബില്യൺ ഡോളറിന്റെ സഹായങ്ങളാണ് ശ്രീലങ്കയ്‌ക്ക് നൽകിയത്. ജനുവരിയിൽ 400 മില്യൺ ഡോളർ കറൻസി കൈമാറി. 500 മില്യൺ ഡോളർ വായ്പ തിരിച്ചടവ് മാറ്റിവയ്‌ക്കൽ, രണ്ട് ക്രെഡിറ്റ് ലൈനുകൾ(എൽഒസി) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒരു നിശ്ചിത തുക വായ്പക്കാരന് നൽകുന്നു. ഇത് ആവശ്യാനുസരണം ഉപയോഗിക്കാനും ഉടനടി അല്ലെങ്കിൽ കാലക്രമേണ തിരിച്ചടയ്‌ക്കാനുമുള്ള സൗകര്യം നൽകുന്ന ലോണാണ് എൽഒസി.ഭക്ഷണം,മരുന്ന്, അവശ്യവസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയ്‌ക്കായി ഒരു ബില്യൺ ഡോളർ, പെട്രോളിയം വസ്തുക്കൾക്കായി 500 മില്യൺ ഡോളർ എന്നിവയാണ് എൽഒസി വഴി നൽകിയത്. ലങ്കൻ സർക്കാർ സാമ്പത്തിക പരിഷ്‌കാരങ്ങൾ അവതരിപ്പിക്കുന്നതു വരെ ഇത്തരത്തിലുള്ള സഹായങ്ങൾ ലഭ്യമാക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

നിലവിൽ 51 ബില്യൺ ഡോളറിന്റെ കടമാണ് ശ്രീലങ്കയ്‌ക്കുള്ളത്. അന്താരാഷ്‌ട്ര കടത്തിൽ 2022-ൽ 8.6 ബില്യൺ ഡോളർ തിരിച്ചടയ്്ക്കണം. മെയ് മാസത്തിൽ രാജ്യത്തിന്റെ വിദേശ കറൻസി തീർന്നതിന്റെ ഫലമായി ശ്രീലങ്കയ്‌ക്ക് അന്താരാഷ്‌ട്ര കടം തിരിച്ചടവ് നഷ്ടമായി തീർന്നിരുന്നു. തുടർന്ന് ഇറക്കുമതികൾ നിലയ്‌ക്കുകയും ഇന്ധനം, ഭക്ഷണം, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ ദൗർലഭ്യം വർദ്ധിക്കുകയും ചെയ്തു. പണപ്പെരുപ്പം 50 ശതമാനത്തോളം ഉയർന്നത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധക്കാർ രാഷ്‌ട്രപതി കൊട്ടാരത്തിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും അതിക്രമിച്ച് കയറുകയും പ്രസിഡന്റ് ഗോതബയ രാജപക്സെ പലായനം ചെയ്യുകയും ചെയ്തിരുന്നു.

Related Articles

Back to top button