ArticleLatest

ഓര്‍മയില്‍ ഒരു ഹിജ്റ വര്‍ഷം കൂടി…

“Manju”

യാംബു: ഹിജ്റ (1444) പുതുവര്‍ഷത്തിന് തുടക്കമായി. പ്രവാചകന്‍ മുഹമ്മദും അനുചരന്മാരും മക്കയില്‍നിന്നും മദീനയിലേക്ക് വിശുദ്ധ പലായനം ചെയ്ത സ്മരണകള്‍ അയവിറക്കിയാണ് പുതുവര്‍ഷത്തെ വിശ്വാസികള്‍ വരവേല്‍ക്കുന്നത്.ക്രിസ്തുവര്‍ഷം 622 മുതലാണ് ഹിജ്റ വര്‍ഷത്തിന് തുടക്കം കുറിച്ചത്. 130 കോടിയിലേറെയുള്ള മുസ്‌ലിംകള്‍ അനുഷ്ഠാനങ്ങള്‍ക്കും മറ്റും അവലംബിക്കുന്ന കാലഗണനക്രമമാണിത്. ലോകത്ത് വ്യത്യസ്ത കലണ്ടറുകള്‍ ഉണ്ടെങ്കിലും അവക്കിടയിലെ സമാനതകള്‍ മാനവികതയുടെ ഏകതയാണ് പ്രകടമാക്കുന്നത്. സന്ധ്യയോടെ ദിനാരംഭം കുറിക്കുന്ന ഹിജ്‌റ കലണ്ടറില്‍ 354 ദിനങ്ങളാണുള്ളത്. ഹിജ്‌റ കലണ്ടറിലെ ദിനങ്ങളുടെയും മാസങ്ങളുടെയും ക്രമവും നാമവുമൊക്കെ പൗരാണിക കാലം മുതലുള്ളതാണ്. പ്രാരംഭ മാസമായ മുഹര്‍റവും ഏഴാമത്തെ മാസമായ റജബും ഹജ്ജ് കാലമായ ദുല്‍ഖഅദ്, ദുല്‍ഹജ്ജ് എന്നീ മാസങ്ങളും പഴയകാലം മുതലേ യുദ്ധനിരോധിത മാസങ്ങളായി അറിയപ്പെടുന്നവയാണ്. സമാധാനം എന്ന അര്‍ഥമുള്ള ‘ഇസ്‌ലാം’ എന്ന പദത്തെ അന്വര്‍ഥമാക്കുന്നതാണ് ഇത്. ഒമ്പതാം മാസമായ റമദാന്‍ വ്രതാനുഷ്ഠാനത്തിലും മറ്റു സുകൃതങ്ങളിലും വിശ്വാസികള്‍ കൂടുതല്‍ മുഴുകുന്ന മാസമാണ്.

രണ്ടാം ഖലീഫയായ ഉമറിന്റെ കാലത്താണ് ഹിജ്‌റയെ അടിസ്ഥാനമാക്കിയ കലണ്ടറിന് ആരംഭം കുറിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗം നടന്നപ്പോള്‍ കാലഗണന എവിടെ നിന്നാരംഭിക്കണമെന്ന ചര്‍ച്ച വന്നു. ചിലര്‍ പ്രവാചകന്റെ ജനനവുമായും മറ്റു ചിലര്‍ അദ്ദേഹത്തിന്റെ വിയോഗവുമായും ബന്ധപ്പെട്ടും വര്‍ഷം കണക്കുകൂട്ടണമെന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ ഖലീഫ ഉമര്‍ അതെല്ലാം തള്ളിക്കളഞ്ഞു. ഇസ്‌ലാം ഒട്ടും പൊറുപ്പിക്കാത്ത വ്യക്തിപൂജ, വീരാരാധന തുടങ്ങിയ ദുഷ്പ്രവണതകള്‍ക്ക് ഇത് വഴിവെക്കുമെന്ന ആശങ്കയായിരുന്നു ഖലീഫക്ക്. നാലാം ഖലീഫ അലി, മുഹമ്മദ് നബി മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിനെ അടയാളമാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഒടുവില്‍ എല്ലാവരും ഈ അഭിപ്രായം അംഗീകരിച്ചു. ഇതാണ് ഹിജ്‌റ കലണ്ടറിന്റെ തുടക്കം.

മക്കയില്‍നിന്ന് മദീനയിലേക്കുള്ള ഹിജ്റ നടന്നത് ക്രി. 622 സെപ്റ്റംബറിലാണ്. അപ്പോള്‍ പ്രവാചകന് 53 വയസ്സായിരുന്നു. ഹിജ്റ ഒരു ഒളിച്ചോട്ടമോ കേവലം പലായനമോ അല്ല; അതൊരു മഹാത്യാഗമായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടു​ത്തുന്നത്. പ്രവാചകന്‍ ഹിജ്‌റ നടത്തിയത് മുഹര്‍റം മാസത്തിലല്ല, റബീഉല്‍ അവ്വല്‍ മാസത്തിലാണ്. ഹിജ്‌റ നടത്തിയ വര്‍ഷം ആദ്യ വര്‍ഷമായി എണ്ണിത്തുടങ്ങിയെങ്കിലും വര്‍ഷത്തിലെ മാസഘടനയില്‍ മാറ്റമുണ്ടായില്ല.മുഹര്‍റം തന്നെ ആദ്യമായി നിശ്ചയിച്ചു. ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തിയ ചരിത്രകാരന്മാരെല്ലാം സംഭവങ്ങള്‍ കുറിച്ചുവെക്കാന്‍ ഹിജ്‌റ വര്‍ഷ തീയതിയാണ് ഉപയോഗിച്ചിരുന്നത്. ലോകം അംഗീകരിച്ച കലണ്ടറുകളില്‍ പ്രമുഖസ്ഥാനം ഹിജ്‌റ കലണ്ടറിനുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മീയപരമായി ഏറെ വിശുദ്ധി കല്പിക്കപ്പെടുന്ന മാസം കൂടിയാണ്. ഹിജ്‌റ കലണ്ടറില്‍ റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട മാസമായി പരിഗണിക്കുന്നതും മുഹര്‍റമാണ്.

Related Articles

Back to top button