IndiaLatest

എല്ലാ ഇവി ചാര്‍ജിങ് സ്റ്റേഷനുകളും ഒറ്റ ആപ്പില്‍

“Manju”

ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനം ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാനവെല്ലുവിളിയാണ് ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടുപിടിക്കുക എന്നത്. ഒരുപരിധി വരെ ഗൂഗിള്‍ മാപ്പ് ഇതിന് സഹായിക്കുമെങ്കിലും രാജ്യത്തെ എല്ലാ ഇവി ചാര്‍ജിങ് സ്റ്റേഷനുകളുടെയും വിവരങ്ങളുള്ള ആപ്പ് ഇതുവരെ ഇറങ്ങിയിട്ടില്ല.

ഇപ്പോള്‍ രാജ്യത്തുള്ള ചെറുതും വലുതുമായ എല്ലാ ചാര്‍ജിങ് സ്റ്റേഷനുകളുടേയും വിവരങ്ങളും ലൊക്കേഷനും ഉള്‍പ്പെടുത്തി പുതിയ ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള കണ്‍വേര്‍ജന്‍സ് എനര്‍ജി സര്‍വീസ് ലിമിറ്റഡ് (CESL). ആറ് ആഴ്ചക്കുള്ളില്‍ ആപ്പ് നിലവില്‍ വരും. ആപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ചാര്‍ജര്‍ ടൈപ്പ്, നിരക്കുകള്‍ എന്നിവ കൂടാതെ ചാര്‍ജിങ് സ്റ്റേഷന്‍ ബുക്ക് ചെയ്യാനും ആപ്പ് വഴി സാധിക്കും. പൊതു ഉടമസ്ഥതയിലുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ എല്ലാ ചാര്‍ജിങ് സ്റ്റേഷനുകളും ആപ്പില്‍ ലിസ്റ്റ് ചെയ്യും.

2020 ല്‍ രാജ്യത്ത് 1,827 ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു സര്‍ക്കാര്‍ കണക്ക്. അതിനു ശേഷം 2,877 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് സ്വകാര്യ മേഖലയില്‍ മാത്രം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യയിലെ ഇവി വാഹനങ്ങളുടെ കണക്ക് വെച്ചാല്‍ ഇത് അപര്യാപ്തമാണെന്നാണ് അനുമാനം. ഇവി വാഹനങ്ങളുടെ വര്‍ധിച്ച വില്‍പ്പന കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അതുകൊണ്ടു തന്നെ രാജ്യത്തുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ രാജ്യത്ത് സ്ഥാപിക്കാനാണ് സിഇഎസ്‌എല്ലിന്റെ പദ്ധതി. രാജ്യത്തെ പ്രധാന ഹൈവേകളിലും എക്‌സ്പ്രസ് ഹൈവേകളിലും ഓരോ 25 കിലോമീറ്ററുകളിലും 50KW ചാര്‍ജിങ് സ്‌റ്റേഷനും ഓരോ 100 കിലോമീറ്ററുകളിലും 100KW ചാര്‍ജിങ് സ്‌റ്റേഷനും സ്ഥാപിക്കാനും സിഇഎസ്‌എല്ലിന് പദ്ധതിയുണ്ട്.

Related Articles

Back to top button