HealthInternationalLatest

സൂക്ഷിക്കുക! : മനുഷ്യ മസ്തിഷ്കത്തെ ​കൊന്നുതിന്നുന്ന അമീബയെ

“Manju”

വടക്കന്‍ ഇസ്രായേലില്‍ 36 കാരന്‍ മരിച്ചതിനു പിന്നില്‍ ഏകകോശ ജീവിയായ അമീബയാണെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. നയേഗ്ലെറിയ ഫൊവ്ലേറി അമീബയാണ് ഇദ്ദേഹത്തിന്റെ മസ്തിഷ്കത്തില്‍ അണുബാധക്ക് കാരണമായതെന്നാണ് കണ്ടെത്തിയത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് സാധാരണ ഈ അമീബയെ കാണാറുള്ളത്. നയേഗ്ലെറിയ ഫൊവ്ലേറി അമീബ എങ്ങനെയാണ് മനുഷ്യജീവന് വില്ലനാകുന്നതെന്ന് നോക്കാം.
ഇത്തരം അമീബകള്‍ മൂലം മസ്തിഷ്കത്തിനുണ്ടാകുന്ന അണുബാധക്ക് പ്രൈമറി അമീബിക് മെനിഞ്ചോന്‍സെഫാലിറ്റീസ് എന്നാണ് വൈദ്യശാസ്ത്രം നല്‍കിയിട്ടുള്ള പേര്. മനുഷ്യ ശരീരത്തില്‍ അമീബയെ കണ്ടെത്തുന്നത് തന്നെ അപൂര്‍വമാണ്. തടാകങ്ങള്‍, നദികള്‍, വ്യവസായ ശാലകളില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന മലിന ജലം, പ്രകൃതി ദത്ത ജല സ്രോതസ്സുകള്‍, അണുവിമുക്തമാക്കാത്ത സ്വിമ്മിങ് പൂളുകള്‍ എന്തിന് വാട്ടര്‍ ഹീറ്ററുകളില്‍ വരെ ഇത്തരം അമീബകള്‍ വളരും. എന്നാല്‍ കടലില്‍ ഇവക്ക് ജീവിക്കാന്‍ കഴിയില്ല.
നയേഗ്ലെറിയ ഫൊവ്ലേറി അമീബ ഒരു സൂക്ഷ്മാണു ജീവിയാണ്. എന്നാല്‍ വളരെ വിനാശകാരിയും. യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നതനുസരിച്ച്‌ 1962നും 2019നുമിടക്ക് ഇത്തരത്തിലുള്ള148 അണുബാധകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. 10 വര്‍ഷത്തിനിടെ 34 പേര്‍ക്ക് അണുബാധയുണ്ടായി. അതില്‍ ചികിത്സ നല്‍കിയിട്ടും മൂന്നു പേര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ​.
46 ഡിഗ്രി ചൂടുള്ള അന്തരീക്ഷത്തില്‍ മാത്രമേ ഇവയ്ക്ക് വളരാനാവൂ എന്നും കാണാം. മൈക്രോസ്കോപ്പിന്റെ സഹായത്തോടെ അല്ലാതെ ഈ സൂക്ഷ്മ ജീവിയെ ക​ണ്ടുപിടിക്കാനുമാവില്ല. മൂക്കില്‍ കൂടിയാണ് നയേഗ്ലെറിയ ഫൊവ്ലേറി മനുഷ്യശരീരത്തിലെത്തുന്നത്. നീന്തല്‍കുളത്തില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ക്കും അണുബാധയേല്‍ക്കുന്നത്. മൂക്കിലൂടെ കടന്ന് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. തലവേദന, പനി, ക്ഷീണം, തൊണ്ടവേദന, ശരീരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെടല്‍, കോച്ചിപ്പിടിത്തം,ഉന്‍മാദാവസ്ഥ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഈ അണുബാധ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല. അതേസമയം, മലിന ജലം കുടിച്ചതുകൊണ്ടോ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കോ അണുബാധ പകരില്ല.

Related Articles

Back to top button