LatestThiruvananthapuram

ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കും

“Manju”

പതിനൊന്ന് ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗവര്‍ണറുടെ നടപടിയില്‍ ഉറ്റുനോക്കി സര്‍ക്കാര്‍. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ ഒപ്പിടുമോ ഇല്ലയോ എന്നതാണ് നിര്‍ണായകം. അനുനയനീക്കത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി നേരിട്ട് കണ്ടിട്ടും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കാലാവധി തീരാനിരിക്കെ 11 ഓര്‍ഡിനന്‍സുകളില്‍ നിലപാട് സ്വീകരിക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടണം എന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടുവെങ്കിലും ഗവര്‍ണര്‍ വഴങ്ങിയിട്ടില്ല. പകരം സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കവരാനുള്ള സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്തു.

ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ഡല്‍ഹിയില്‍ തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളളിയാഴ്ചയേ ഇനി സംസ്ഥാനത്തേക്ക് മടങ്ങി വരൂ. ഫലത്തില്‍ ഗവര്‍ണര്‍ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ഓര്‍ഡിനന്‍സ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷേ, അപ്പോഴും ഗവര്‍ണ്ണര്‍ ഒപ്പിടണം. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സാണ് സര്‍ക്കാരിനെ സംബന്ധിച്ച്‌ ഏറെ പ്രധാനം. ഓര്‍ഡിനന്‍സ് ലാപ്‌സായാല്‍, പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലാകും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസ്, വാദം പൂര്‍ത്തിയാക്കി ഉത്തരവിറക്കാനായി മാറ്റി വെച്ചിരിക്കുകയാണ് ലോകായുക്ത. മുമ്പ് പലവട്ടം കണ്ടത് പോലെ, സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിയ ശേഷം ഗവര്‍ണര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമോ അതോ കടുത്ത നിലപാട് തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്.

Related Articles

Back to top button