IndiaLatest

 നുഴഞ്ഞു കയറ്റ ശ്രമം; രണ്ട് പാക് പൗരന്മാർ പിടിയിൽ

“Manju”

ചണ്ഡീഗഡ്: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളുമായി പാകിസ്താൻ. അതിർത്തി കടന്ന് എത്തിയ രണ്ട് പാക് പൗരന്മാരെ പഞ്ചാബിൽ നിന്നും അതിർത്തി സംരക്ഷണ സേന പിടികൂടി. നാരോവാൾ സ്വദേശികളായ റബീസ് മസിഹ്, കിഷൺ മസിഹ് എന്നിവരാണ് പിടിയിലായത്.

ഗുരുദാസ്പൂർ സെക്ടർ വഴിയായിരുന്നു ഇവർ രാജ്യത്തേക്ക് നുഴഞ്ഞു കയറിയത്. അതിർത്തി വഴിയുള്ള സംശയാസ്പദനീക്കം ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോണുകളും, 500 രൂപയും പിടികൂടിയിട്ടുണ്ട്.

ഇവർ എന്തിനാണ് അതിർത്തി കടന്ന് എത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനായി ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭീകരാക്രമണം ലക്ഷ്യമിട്ട് അതിർത്തി വഴി പാക് ഭീകരർ നുഴഞ്ഞു കയറാൻ സാദ്ധ്യതയുള്ളതായി ഇതിനോടകം തന്നെ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭീകരാക്രമണമാണ് ഇവരുടെ ഉദ്ദേശ്യം എന്ന കാര്യവും പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്തു നിന്നും പാകിസ്താൻ ബോട്ടുകൾ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പൗരന്മാർ കസ്റ്റഡിയിലാകുന്നത്. തുടർച്ചയായുണ്ടാകുന്ന പാക് പ്രകോപനം രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമമാണെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button