IndiaLatest

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

“Manju”

പട്‌ന: നിതീഷ് കുമാറിന്റേയും തേജസ്വി യാദവിന്റേയും നേതൃത്വത്തിലുള്ള ബിഹാറിലെ പുതിയ മഹാസഖ്യ സര്‍ക്കാരില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. രാവിലെ 11.30-ന് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്.

ജെഡിയു മേധാവി നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ദിവസങ്ങള്‍ക്ക് മുമ്പ് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി ചേര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

പുതിയ സര്‍ക്കാരില്‍ നിതീഷിന്റെ ജെഡിയുവിന് 11 മന്ത്രിമാരും ആര്‍ജെഡിക്ക് 16 മന്ത്രിമാരും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരേയും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഒരു മന്ത്രിയേയും ലഭിച്ചേക്കും. ഒരു സ്വതന്ത്രനും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. പരമാവധി 36 മന്ത്രിമാരാകും ബിഹാര്‍ മന്ത്രിസഭയിലുണ്ടാകുക.

രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഈ മാസം പത്തിനാണ് നിതീഷും തേജസ്വിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നേരത്തെ എന്‍ഡിഎ സഖ്യമായിരുന്നപ്പോള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഒരു മന്ത്രി ഒഴികെ തന്റെ പാര്‍ട്ടിയിലുള്ള മറ്റുള്ളവരെ നിതീഷ് മന്ത്രിസഭയില്‍ നിലനിര്‍ത്തിയേക്കും.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആഭ്യന്തരം നിലനിര്‍ത്തുകയാണെങ്കില്‍ ധനകാര്യ വകുപ്പ് അടക്കമുള്ള സുപ്രധാന വകുപ്പുകള്‍ ആര്‍ജെഡിക്ക് വിട്ടുനല്‍കേണ്ടി വരും. ഉപമുഖ്യമന്ത്രി തേജസ്വി യാദവാകും ധനവകുപ്പ് കൈകാര്യം ചെയ്യുക. പുതിയ സര്‍ക്കാര്‍ അടുത്ത ആഴ്ചയാകും ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടുക. മഹാസഖ്യത്തില്‍ ഏറ്റവും വലിയ പാര്‍ട്ടി 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ്. നിതീഷിന്റെ ജെഡിയുവിന് 45 സീറ്റുകളാണ് ഉള്ളത് കോണ്‍ഗ്രസിന് 19 എംഎല്‍എമാരുണ്ട്. മഹാസഖ്യത്തിന്റെ ഭാഗമായ സിപിഐ എംഎല്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന് പുറത്ത് നിന്നുള്ള പിന്തുണ നല്‍കാനാണ് ഇവരുടെ തീരുമാനം. സിപിഐ എംഎല്ലിന് 12 എംഎല്‍എമാരുണ്ട്. സിപിഎമ്മിനും സിപിഐക്കും രണ്ട് വീതം സീറ്റുകളുമുണുള്ളത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 164 എംഎല്‍എമാരുടെ പിന്തുണയാണ് മഹാസഖ്യം അവകാശപ്പെടുന്നത്.

Related Articles

Back to top button