KeralaLatest

വ്യാപാരികള്‍ക്ക് 
നഷ്ടപരിഹാരം നല്‍കി

“Manju”

കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയോരത്ത് വാടകയ്ക്ക് കച്ചവടം നടത്തിവന്നിരുന്ന വ്യാപാരികള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തുക ഇതുവരെ 70 പേര്‍ക്കു കൈമാറി. ജില്ലയില്‍ ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ 2100 വ്യാപാരികളാണ് ഉള്ളത്. ഓച്ചിറ മുതല്‍ കാവനാട് വരെ 1100 വ്യാപാരികളും കാവനാട് മുതല്‍ കടമ്പാട്ടുകോണം വരെ 1000 വ്യാപാരികളും ആണ് നഷ്ടപരിഹാരത്തിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ വലിയ കടകളില്‍ കച്ചവടം നടത്തിവന്നിരുന്നവര്‍ക്ക് 75,000 രൂപയും ചെറിയ കടകളില്‍ കച്ചവടം നടത്തിവന്നിരുന്നവര്‍ക്ക് 25,000 രൂപയും ആണ് നഷ്ടപരിഹാരമായി നല്‍കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകും. ഇതിനായി ദേശീയപാത അതോറിറ്റി സ്ഥലം ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്ക് 19 കോടി രൂപ കൈമാറിയിരുന്നു.

കെട്ടിടം ഉടമകള്‍ക്കും ഭൂവുടമകള്‍ക്കുമുള്ള നഷ്ടപരിഹാരം നേരത്തെ കൈമാറിയിരുന്നു. 5100 കെട്ടിടത്തില്‍ 250 എണ്ണം ഒഴികെ ബാക്കിയുള്ളതെല്ലാം പൊളിച്ചുനീക്കി. കെട്ടിടങ്ങള്‍ ഒഴിയുന്നതിനുള്ള കാലാവധി കഴിഞ്ഞ 30ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഏറ്റെടുത്ത സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം ലെയ്സണ്‍ ഓഫീസര്‍ എം കെ റഹ്മാന്‍ പറഞ്ഞു.
ദേശീയപാതയ്ക്കായി പൂര്‍ണമായും ഏറ്റെടുത്ത സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Related Articles

Back to top button