KeralaLatest

വിജയേട്ടനില്ലാത്ത ആദ്യയാത്രയ്ക്ക് മോഹന ഒരുങ്ങുന്നു

“Manju”

കൊച്ചി: ”ജപ്പാനിലേക്കുള്ള ഈ യാത്രയെക്കുറിച്ച് വിജയേട്ടന്‍ പറയുമായിരുന്നു. അതിനായി മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു ഞങ്ങള്‍. പക്ഷേ.. ” –എറണാകുളം ഗാന്ധിനഗര്‍ സലിംരാജന്‍ റോഡിലെ ശ്രീബാലാജി കോഫി ഷോപ്പിലിരിക്കെ മോഹന തെല്ലു നിശ്ശബ്ദയായി. പാതിവഴിക്ക് നിര്‍ത്തിയ യാത്ര മോഹന വീണ്ടും തുടങ്ങുകയാണ്, ഒപ്പം വിജയനില്ലാതെ. വരുന്ന മാര്‍ച്ച് 21-ന് ജപ്പാനിലേക്കാണ് യാത്ര.

76-കാരനായിരുന്ന വിജയന്റെ വിയോഗം കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു. ചായക്കട നടത്തി ലോകയാത്ര നടത്തുന്ന ദമ്പതിമാരെന്ന നിലയ്ക്കായിരുന്നു വിജയനും മോഹനയും വാര്‍ത്താതാരങ്ങളായത്. 2007-ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യയാത്ര. തുടര്‍ന്ന് അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്റിന, ബ്രസീല്‍, പെറു, റഷ്യ ആകെ 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ചായക്കടയിലെ വരുമാനം കൊണ്ടായിരുന്നു ചിലപ്പോള്‍ യാത്ര. മറ്റുചിലപ്പോള്‍ ചിട്ടിപിടിച്ച് അല്ലെങ്കില്‍ കെ.എസ്.എഫ്.. വായ്പയെടുത്ത്. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം പ്രചോദനവും ആവേശവുമായിരുന്നു ഇവരുടെ യാത്രകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും വന്നിട്ടുണ്ട്.

വിജയനില്ലെങ്കിലും മകള്‍ ഉഷയും മരുമകന്‍ മുരളിയും മോഹനയ്ക്കൊപ്പം ഈ ജപ്പാന്‍യാത്രയിലുണ്ടാകും. സ്വകാര്യ ടൂര്‍ സ്ഥാപനമാണ് മോഹനയുടെ യാത്രച്ചെലവ് വഹിക്കുന്നത്. ജപ്പാനും കൂടി കഴിഞ്ഞാല്‍ ഇനി ചെറിയയാത്രകള്‍ മതിയെന്ന് വിജയന്‍ പറയുമായിരുന്നു. ഇന്ത്യയിലെ സ്ഥലങ്ങള്‍ കാണാമെന്നാണ് പറഞ്ഞിരുന്നത്. ”വെജിറ്റേറിയന്‍ ഭക്ഷണം എല്ലായിടത്തും കിട്ടില്ലല്ലോ. അതുകൊണ്ട് യാത്രയില്‍ ഞങ്ങളുടെ ആഹാരമൊക്കെ ലളിതമായിരുന്നു. കാപ്പി, ചായ, ബ്രഡ് എന്നിങ്ങനെ. ഇത്തവണ പോകുമ്പോഴും അച്ചാറും ചട്ട്ണിപ്പൊടിയുമൊക്കെ കൊണ്ടുപോകും. ഇനി ആറുമാസവും 24 ദിവസവുമുണ്ട്” –മോഹന കണക്കുകൂട്ടുന്നു.

Related Articles

Back to top button