KeralaLatest

സൈദ്ധാന്തികന്‍ ഇനി തലപ്പത്ത്…

“Manju”

കണ്ണൂര്‍: തളിപ്പറമ്പിലെ മൊറാഴ സമരം കഴിഞ്ഞ് 13 വര്‍ഷത്തിന് ശേഷമായിരുന്നു ജനനം. എങ്കിലും ആ സമരത്തീയില്‍ നിന്നുള്ള ഊര്‍ജ്ജമാണ് എം.വി.ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ സജീവമാക്കിയത്. കര്‍ഷക സമര ചരിത്രത്തിലെ ആ പോരാട്ട ഭൂമിയുടെ ഉശിരും ആവേശം എന്നും ആ വാക്കുകളില്‍ നിറഞ്ഞിരുന്നു. കായികാദ്ധ്യാപകന്റെ യൗവനത്തെ സമര പോരാട്ടങ്ങളിലേക്കും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തിക പഠനക്ലാസുകളിലേക്കും നയിച്ചതിനു പിന്നിലും, ആഴ്ന്നിറങ്ങിയ മൊറാഴയുടെ സാന്നിദ്ധ്യം തന്നെ.

സാധാരണ പൊതുപ്രവര്‍ത്തകനില്‍ നിന്നും വ്യത്യസ്തമായി ഫുട്ബാള്‍, സാഹിത്യം, സംഗീതം, സിനിമ എന്നിവയും മാഷിന് പ്രിയപ്പെട്ടതാണ്. മൊറാഴയിലെ ലൈബ്രറിയില്‍ മാഷ് വായിക്കാത്ത പുസ്തകമില്ല. ടി. പദ്മനാഭന്റെ ആരാധകനായ മാഷ് അദ്ദേഹത്തിന്റെ നൂറ്റി അമ്പത് കഥകളും വായിച്ചിട്ടുണ്ട്. . കമല്‍ഹാസനാണ് ഇഷ്ടനടന്‍. കമലിന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ഫുട്ബാള്‍ ജീവനാണ്.നിരവധി ഫുട്ബാള്‍ മത്സരങ്ങളില്‍ ട്രോഫി നേടിയിട്ടുണ്ട്.

മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പു -എം.വി. മാധവി ദമ്പതികളുടെ മകനായ എം.വി. ഗോവിന്ദന്‍ 1970 ലാണ് പാര്‍ട്ടി അംഗമായത്. കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ അംഗമായിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും,പിന്നീട് സെക്രട്ടറിയുമായി. പാര്‍ട്ടി കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസവും പൊലീസ് മര്‍ദ്ദനവും നേരിട്ടു. 1991ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1996ലും 2001ലും തളിപ്പറമ്പില്‍ നിന്നു നിയമസഭയിലെത്തി. 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്നു 22,689 വോട്ടിനാണ് ജയിച്ചത്.

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു മിക്കപ്പോഴും രാത്രി വാസം. ഇ.പി. ജയരാജനുമുണ്ടാകും ഒപ്പം. എ.കെ.ജി നാട്ടിലുള്ളപ്പോള്‍ രാത്രി ഓഫീസിലുണ്ടാകും. രാവിലെ എഴുന്നേറ്റു വരുമ്പോള്‍ ഉറക്കമാണെങ്കില്‍ ശാസനയോടെ എ.കെ.ജി വിളിച്ചുണര്‍ത്തും. അദ്ദേഹത്തിന്റെ വാത്സല്യവും ഏറെ അനുഭവിച്ചിട്ടുണ്ട്. 1985ലായിരുന്നു പി.കെ. ശ്യാമളയുമായുള്ള വിവാഹം.. എം.വി. രാഘവനും പി. ശശിയുമാണ് വിവാഹത്തിന് മുന്‍കൈയെടുത്തത്. ബി.എഡ് കഴിഞ്ഞിരുന്ന ശ്യാമള മൊറാഴ സ്‌കൂളില്‍ അദ്ധ്യാപികയായി.അദ്ധ്യാപനം നിറുത്തിയെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു എം.വി. ഗോവിന്ദന് ഏറ്റവും ഇഷ്ടം. വീടിനടുത്തെ വായനശാലയില്‍ നടന്നിരുന്ന പാര്‍ട്ടി ക്ലാസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായി മാറിയ എം.വി. ഗോവിന്ദന്‍, സൈദ്ധാന്തിക പ്രശ്നങ്ങളില്‍ ഇന്ന് കേരളത്തിലെ പാര്‍ട്ടിയുടെ അവസാന വാക്കാണ്.

Related Articles

Back to top button