IndiaLatest

അദ്ധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍

“Manju”

റായ്പൂര്‍: ഝാര്‍ഖണ്ഡില്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ച അദ്ധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി. ദുംക ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആയിരുന്നു സംഭവം. അദ്ധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മരത്തില്‍കെട്ടിയിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. 32 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 11 പേര്‍ക്ക് ഡി ഗ്രേഡ് ആണ് ലഭിച്ചിരുന്നത്. ഡി ഗ്രേഡ് ലഭിക്കുന്നത് തോല്‍വിയ്ക്ക് തുല്യമാണ്. ഈ മാര്‍ക്കുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇത് കണ്ടതോടെയാണ് ഡി ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അദ്ധ്യാപകനെ മരത്തില്‍ക്കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ക്ലാര്‍ക്കിനെയും വിദ്യാര്‍ത്ഥികള്‍ മരത്തില്‍ പിടിച്ച്‌ കെട്ടിയിട്ടു. കണക്ക് അദ്ധ്യാപകന്‍ ആയ സോനറാം ചൗര, ക്ലാര്‍ക്ക് ഗോപികന്ദന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

അദ്ധ്യാപകന്‍ മനപ്പൂര്‍വ്വം മാര്‍ക്ക് കുറച്ചതാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അദ്ധ്യാപകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button