KeralaLatest

വാഗ്ദാനം നിറവേറ്റി യൂസഫലി; ഗാന്ധിഭവന്‍ അമ്മമാര്‍ക്ക് പുതിയമന്ദിരം

“Manju”

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാര്‍ക്ക് സുഖസൗകര്യങ്ങളോടെ താമസിക്കാന്‍ താന്‍ നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരം സന്ദര്‍ശിക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം..യൂസഫലി എത്തി. 15 കോടിയോളം മുടക്കി നിര്‍മ്മിച്ച മൂന്നുനില മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളാണുള്ളത്. രണ്ട് ലിഫ്റ്റ്, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പ്രാര്‍ത്ഥനാഹാള്‍ കൂടാതെ മൂന്നു മതസ്ഥര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനാമുറികള്‍, ഡൈനിംഗ് ഹാളുകള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറി, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളുള്ള മന്ദിരത്തില്‍ 300 അഗതികള്‍ക്ക് താമസിക്കാം. കിടക്കകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ എല്ലാ ഉപകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. 15 കോടിക്ക് പുറമേ ആറ് വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി ഏഴരകോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം രണ്ടു മണിക്കൂറിലധികം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങി​യത്.

യുസഫലിയെ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ട്രസ്റ്റി പ്രസന്നാ രാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗാന്ധിഭവന്‍ ഭാരവാഹികള്‍ക്കൊപ്പം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം, പാവപ്പെട്ട മൂന്ന് അമ്മമാര്‍ ചേര്‍ന്നായിരിക്കും മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയെന്നും പ്രഖ്യാപിച്ചു.

അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണ്. ആദ്യമായി ഗാന്ധിഭവനിലെത്തിയപ്പോള്‍ ഇവിടുത്തെ അമ്മമാരെ കണ്ട് വല്ലാത്ത സങ്കടം തോന്നി. 15 പേര്‍ മാത്രമേ ഇവിടെ വിവാഹം കഴിക്കാത്ത അമ്മമാരുള്ളു. ബാക്കിയെല്ലാവരും ഉപേക്ഷിക്കപ്പെട്ടവരാണ്. അവരെയോര്‍ത്ത് പല രാത്രികളിലും ഉറങ്ങാനായില്ല. ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. പാവപ്പെട്ട അമ്മമാര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച്‌ കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനില്‍ ഒരു മന്ദിരം നിര്‍മ്മിച്ചുനല്‍കണമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം ഫറഞ്ഞു.”

Related Articles

Back to top button