KeralaLatest

കേരള പൊലീസിലേക്ക് 5 വിദേശനായ്ക്കളെത്തും

“Manju”

കേരള പൊലീസിലേക്ക് വിദേശത്തു നിന്ന് 5നായ്ക്കൾ കൂടി എത്തുന്നു. ബോംബ് കണ്ടെത്താനും ലഹരി മണത്തു പിടിക്കാനുമൊക്കെ മിടുക്കരായ ഇംഗ്ലണ്ടുകാരായ 5 ജാക്ക് റസൽസ് ഇനം നായ്ക്കളെയാണു കേരള പൊലീസ് വാങ്ങുന്നത്. ഇസ്രയേൽ സേനയിലും യു എസ് പൊലീസിലും വിദേശത്തെ വിമാനത്താവളങ്ങളിലും ഇവയുടെ സേവനം ഇപ്പോഴുണ്ട്.

ഇന്ത്യയിൽ ആദ്യമായി ഇവയെ കേരള പൊലീസാണു വാങ്ങുന്നത്. റഷ്യയുമായുള്ള യുദ്ധത്തിൽ ഏറ്റവും കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രത്യേക ബഹുമതി നൽകി ആദരിച്ച ഇനമാണ് ജാക്ക് റസൽസ്.

5 കിലോ ഭാരം വരുന്ന ഈ കുഞ്ഞൻ നായ്ക്കൾ സ്നിഫർ വിഭാഗത്തിൽ ഏറ്റവും മികവു കാട്ടുന്നവയാണ്. അഞ്ചടി ഉയരത്തിൽ ഇവയ്ക്ക് ചാടാനാകും. നേരത്തേ ഡൽഹിയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) പരിശീലന പരിപാടിയിൽ ഇസ്രയേൽ സൈന്യം പങ്കെടുപ്പിച്ചത് ഈ ഇനം നായ്ക്കളെയായിരുന്നു.
ഇവയുടെ മികവ് അന്നു മനസ്സിലാക്കിയ കേരള പൊലീസ് ഡോഗ് സ്ക്വാഡ് ഡോക്ടറും വെറ്ററിനറി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ഡോ. ലോറൻസ് ഇക്കാര്യം അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചു. അടുത്തയാഴ്ച പൊലീസ് സേനയുടെ ഭാഗമാകുന്ന ജാക്ക് റസൽസിന് 6 മാസമാണു പരിശീലനം.

Related Articles

Back to top button