IndiaLatest

35,000 ബസുകള്‍ ഇലക്ട്രിക്കാക്കും

“Manju”

ബെംഗളൂരു; വായു മലിനീകരണവും ഡീസൽ ബസുകളുടെ അധിക ബാധ്യതയും കുറയ്ക്കാൻ കൂടുതൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കാൻ ബിഎംടിസി. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വാടക അടിസ്ഥാനത്തിൽ ബസുകൾ ഓടിക്കാനാണു പദ്ധതി. ഇതിലൂടെ ബസ് വാങ്ങുന്നതിലുള്ള സാമ്പത്തിക ബാധ്യതയും ഇന്ധന ചെലവും കുറച്ച് നഷ്ടം ഒഴിവാക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്.

2030നുള്ളിൽ കർണാടക ആർടിസിയിലും 3 ഉപ കോർപറേഷനുകളിലും 35,000 ബസുകൾ ഇലക്ട്രിക്കലിലേക്കു മാറ്റുമെന്നു ഗതാഗതമന്ത്രി ശ്രീരാമലു നിയമസഭയെ അറിയിച്ചു. ബസ് ചാർജിങ് സംവിധാനവും അറ്റകുറ്റപ്പണികളുടെ ചെലവും കമ്പനി വഹിക്കും. ഡ്രൈവറെ കമ്പനി നിയമിക്കുമെങ്കിലും ബിഎംടിസി ജീവനക്കാരാകും കണ്ടക്ടർമാർ.

നിലവിൽ ഡീസൽ ബസുകൾ സർവീസ് നടത്താൻ കിലോമീറ്ററിന് 75 രൂപയാണ് ബിഎംടിസിക്ക് ചെലവ്. ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നതോടെ ഇതു 41 രൂപ വരെയാക്കി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാൻ കാലപ്പഴക്കം വന്ന ബസുകൾ മാറ്റണമെന്ന നാഷനൽ ഗ്രീൻ ട്രൈബ്യൂണലിന്റെ നിർദേശം പാലിക്കാനും ബിഎംടിസി ലക്ഷ്യമിടുന്നു. നിലവിൽ ബിഎംടിസിയുടെ 165 ഇലക്ട്രിക് ബസുകളാണ് നഗരനിരത്തുകളിൽ സർവീസ് നടത്തുന്നത്. 225 ബസുകൾ ഉടൻ സർവീസ് ആരംഭിക്കും.

Related Articles

Back to top button