KeralaLatest

അമിത ചാര്‍ജ്‌ ഈടാക്കിയ 23 ബസുകള്‍ക്കെതിരേ നടപടി

“Manju”

 

തിരൂരങ്ങാടി: വിദ്യാര്‍ഥികളില്‍നിന്ന്‌ അമിത ചാര്‍ജ്‌ ഈടാക്കുന്നുണ്ടെന്ന വ്യാപക പരാതിയില്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നടത്തിയ മിന്നല്‍ പരിശോധന വിദ്യാര്‍ഥികള്‍ക്ക്‌ ആശ്വാസമായി.
വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ നേരിട്ട്‌ മനസിലാക്കാന്‍ രംഗത്തിറങ്ങിയ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥരാണ്‌ വേറിട്ട പരിശോധനാ രീതിയുമായി പ്രശംസ പിടിച്ച്‌ പറ്റിയത്‌.വിദ്യാര്‍ഥികളുടെ യാത്രാ ദുരിതങ്ങളെ കുറിച്ച പരാതി വ്യാപകമായതിനെ തുടര്‍ന്നാണ്‌ തിരൂരങ്ങാടി ഭാഗത്ത്‌ ഉദ്യോഗസ്‌ഥര്‍ സഹായ ഹസ്‌തവുമായി രംഗത്തിറങ്ങിയത്‌.വിദ്യാര്‍ഥികള്‍ക്കൊപ്പം യാത്ര ചെയ്‌ത് അവരുടെ പ്രയാസങ്ങളോരോന്നും നേരിട്ട്‌ മനസ്സിലാക്കുകയായിരുന്നു. അമിത ചാര്‍ജ്‌ജ് ഈടാക്കുന്നതും ബസില്‍ കയറാന്‍ ജീവനക്കാരുടെ നിയന്ത്രണങ്ങളും ഉള്‍പ്പെടെ നാളേറേയായി കുട്ടികളുന്നയിക്കുന്ന മിക്ക പരാതികളും ഉദ്യോഗസ്‌ഥര്‍ കണ്ടറിയുകയായിരുന്നു . ഇതിനെ തുടര്‍ന്ന്‌ അമിത ചാര്‍ജ്‌ ഈടാക്കിയ 23 ബസ്സുകള്‍ക്കെതിരെ ഉദ്യോഗസ്‌ഥര്‍ കേസെടുത്തു.തിരൂരങ്ങാടി ജോയിന്റ്‌ ആര്‍.ടി.ഒ എം.പി അബ്‌ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശ പ്രകാരം എം.വി.ഐ എം.കെ. പ്രമോദ്‌ ശങ്കര്‍, എ.എം.വി.ഐ മാരായ കെ അശോക്‌ കുമാര്‍, ടി മുസ്‌തജാബ്‌, കെ സന്തോഷ്‌ കുമാര്‍,എസ്‌ ജി ജെസി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലാണ്‌ കൊടിഞ്ഞി, തിരൂരങ്ങാടി, പരപ്പനങ്ങാടി, ചേളാരി, വള്ളിക്കുന്ന്‌, കോട്ടക്കല്‍ വേങ്ങര എന്നീ മേഖല കേന്ദ്രീകരിച്ചാണ്‌ മിന്നല്‍ പരിശോധന നടത്തിയത്‌. വരും ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന തുടരുമെന്നും ആര്‍ടിഒക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും ജോയിന്റ്‌ ആര്‍ടി ഒ എം പി അബ്‌ദുല്‍ സുബൈര്‍ അറിയിച്ചു.

Related Articles

Back to top button