InternationalLatest

ഇറാനില്‍ സ്റ്റാര്‍ലിങ്ക് നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്

“Manju”

ടെഹറാന്‍: ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരണപ്പെട്ടതിനെ തുടര്‍ന്ന് ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് പിന്നാലെ രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കിയതില്‍ സഹായഹസ്തവുമായി ടെസ്‌ല സി ഇ ഒ ഇലോണ്‍ മസ്‌ക്.
സ്‌പേസ് എക്‌സ് സ്ഥാപകനായ മസ്‌ക് ഇറാനില്‍ തന്റെ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റായ സ്റ്റാര്‍ലിങ്കിന്റെ സേവനം നല്‍കുമെന്ന് അറിയിച്ചു.
ഇറാനിയന്‍ ജനതയ്ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ യു എസ് സ്വീകരിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം. ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്നലെയായിരുന്നു യു എസ് സര്‍ക്കാ‌ര്‍ പുറപ്പെടുവിച്ചത്.
രാജ്യത്ത് ആകെ ബാക്കിയായിരുന്ന രണ്ട് സമൂഹമാദ്ധ്യമ സേവനങ്ങളായ വാട്‌സ്‌ആപ്പും ഇന്‍സ്റ്റാഗ്രാമും പ്രതിഷേധത്തിന്റെ ഫലമായി കഴിഞ്ഞ ബുധനാഴ്ചയാണ് നിര്‍ത്തലാക്കിയത്. പ്രതിഷേധത്തില്‍ മുപ്പത്തിയൊന്നോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോ‌ര്‍ട്ട് പുറത്തുവന്നിരുന്നു.
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മത പൊലീസ്,​ രാജ്യ തലസ്ഥാനത്ത് നിന്നും സെപ്തംബര്‍ 13ന് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി എന്ന 22കാരി മൂന്ന് ദിവസത്തോളം ഗുരുതരാവസ്ഥയില്‍ കോമയില്‍ തുടര്‍ന്നതിന് ശേഷമാണ് മരണപ്പെട്ടത്. ഇതിനെ തുട‌ര്‍ന്ന് സ്ത്രീകളടക്കം ഹിജാബ് പരസ്യമായി ഉപേക്ഷിച്ചും മുടി മുറിച്ചുമുള്ള പ്രതിഷേധങ്ങള്‍ക്ക് ഇറാന്‍ സാക്ഷ്യം വഹിച്ച്‌ വരികയായിരുന്നു. ദിവസങ്ങളായി നീണ്ട് നില്‍ക്കുന്ന പ്രതിഷേധത്തിന് നേരേ പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇറാനിലെ അതിതീവ്ര സദാചാര നിലപാടുള്ള പൊലീസ് യൂണിറ്റുകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. കൂടാതെ ഇറുകിയ വസ്ത്രങ്ങളും കീറലുള്ള ജീന്‍സുകളും മുട്ടിന് താഴെ അനാവൃതമാക്കുന്ന തരത്തിലുള്ല വസ്ത്രങ്ങളും സ്ത്രീകള്‍ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന്‍ പ്രകാരമാണ് മഹ്സ അമിനി അറസ്റ്റ് ചെയ്യപ്പെട്ടത്. പൊലീസ് മര്‍ദ്ദനമേറ്റാണ് യുവതി മരിച്ചത് എന്ന ആരോപണം പാടേ നിഷേധിച്ച ടെഹ്റാന്‍ പൊലീസ്, കുര്‍ദിസ്ഥാന്‍ സ്വദേശിനിയായ മഹ്സ അമിനി സ്വയം വീണ് പരിക്കേറ്റതാണ് മരണകാരണം എന്ന വിശദീകരണമാണ് നല്‍കിയത്.

Related Articles

Back to top button