IndiaLatest

വ്യോമസേനയ്ക്ക് കരുത്താവാന്‍ ലൈറ്റ് കോംബാറ്റ് ഹെലികോപറ്ററുകളും

“Manju”

ന്യൂഡല്‍ഹി: പോര്‍മുഖത്ത് ഇന്ത്യന്‍ കരുത്താകാന്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍. രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ സ്‌ക്വാഡ്രണ്‍ അടുത്ത മാസം രാജസ്ഥാനില്‍ വെച്ച്‌ കമ്മീഷന്‍ ചെയ്യും. ഹെലികോപ്റ്ററുകളുടെ പരിശീലനപരിപാടി ഇതിനോടകം തന്നെ ആരംഭിച്ചു. ഒക്ടോബര്‍ മൂന്നിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിദ്ധ്യത്തില്‍ വ്യോമസേനയുടെ ജോധ്പൂരിലെ വ്യോമതാവളത്തിന്റെ ഭാഗമാകും. ഈ വര്‍ഷം മാര്‍ച്ചിലാണ് കാബിനറ്റ് സുരക്ഷാ കമ്മറ്റി 15 എല്‍സിഎച്ച്‌ വാങ്ങാനുള്ള കരാറിന് അനുമതി നല്‍കിയത്. 3887 കോടി രൂപ ഉത്പാദനത്തിനും 377 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനുമായി വകയിരുത്തിയിരുന്നു.

ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ ലിമിറ്റഡ് സീരീസ് പ്രൊഡക്ഷന്‍ (എല്‍എസ്പി) തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ അത്യാധുനിക കോംബാറ്റ് ഹെലികോപ്റ്ററാണ്. നിലവില്‍ 45 ശതമാനവും രാജ്യത്തെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് ഭാവിയില്‍ ഇത് 55 ശതമാനമായി വര്‍ദ്ധിപ്പിച്ചേക്കും. രണ്ട് ടാര്‍ബോഷാഫ്റ്റ് എഞ്ചിനോടു കൂടിയ ഹെലികോപ്റ്ററിന് മണിക്കൂറില്‍ 268 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. സമുദ്രനിരപ്പില്‍ നിന്ന് 16,400 അടി ഉയരത്തില്‍ പറന്നുയരാനും ഇറങ്ങാനും ശേഷിയുള്ള ആദ്യ യുദ്ധ ഹെലികോപ്റ്ററാണ് ലൈറ്റ് കോംബാറ്റ്.

ഒരു ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, റഡാര്‍ വാണിംഗ് റിസീവര്‍, ലേസര്‍ വാണിംഗ് റിസീവര്‍, മിസൈല്‍ അപ്രോച്ച്‌ വാണിംഗ് സിസ്റ്റം എന്നിവയുള്ള ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന അത്യാധുനിക സെന്‍സര്‍ സ്യൂട്ടും എല്‍സിഎച്ചിനുണ്ട്.

ഭാവിയില്‍ റഷ്യയുടെ എംഐ-25,എംഐ-35 എന്നീ യുദ്ധ ഹെലികോപ്റ്ററുകള്‍ക്ക് പകരക്കാരനാവാന്‍ ശേഷിയുള്ളതാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച എല്‍സിഎച്ച്‌. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് പ്രഹരമേല്‍പ്പിക്കാനും ടാങ്ക് ആക്രമണങ്ങളെ പ്രതിരോധിക്കാനും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്താനും സാധിക്കുന്നവയാണിവ. കഴിഞ്ഞവര്‍ഷം ഝാന്‍സിയില്‍ നടന്ന ചടങ്ങില്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രധാനമന്ത്രി വ്യോമസേന മേധാവിയായിരുന്ന വിവേക് റാം ചൗധരിയ്‌ക്ക് കൈമാറിയിരുന്നു.

Related Articles

Back to top button