KeralaLatest

ദൈവത്തിന്റെ കാരുണ്യമാണ് സന്യാസം; സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : സന്യാസമെന്നത് ദൈവത്തിന്റെ കാരുണ്യമണെന്നും ആ വഴി കല്ലുംമുള്ളും നിറഞ്ഞതാണെന്നും ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. സന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുവിന്റെ ഉദ്യാനത്തില്‍ ഇന്ന് (2022 സെപ്തംബര്‍ 26 തിങ്കള്‍) വൈകിട്ട് 8 മണിക്ക് ആരംഭിച്ച സത്സംഗപരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. നിങ്ങള്‍ എന്റെ അടുത്ത് നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സൂക്ഷിച്ചേ പ്രവര്‍ത്തിക്കാവൂ എന്ന് ഗുരു എപ്പോഴും നമ്മോട് പറഞ്ഞിട്ടുണ്ട്. ജീവനിലെ പോരായ്മകളുടെ കൂടാണ് ഓരോ ജീവിതവും. ആശ്രമത്തില്‍ നിന്ന് കര്‍മ്മം ചെയ്യുമ്പോള്‍ ഓരോ ഘട്ടത്തിലും ഗുരു നമ്മെ പാകപ്പെടുത്തും. ആ പാകപ്പെടുത്തലില്‍ നിന്ന് നമുക്ക് ആശ്രമപരിചയം ലഭിക്കും. സന്യാസിസഭയിലുള്ളവരായാലും ഗൃഹസ്ഥാശ്രമിയായാലും ഗുരുവിന്റെ സന്നിധിയില്‍ വരുമ്പോള്‍ ഒരു കരിയിലയെങ്കിലും മാറ്റിയിട്ടിട്ട് പോകണമെന്ന് പറയുന്നത് അതുകൊണ്ടാണ്. കര്‍മ്മം ചെയ്താല്‍ മാത്രമെ ജീവന്റെ കെട്ടുകള്‍ അഴിയൂ. ജീവന്റെ കെട്ടുകള്‍ അഴിക്കുന്ന കര്‍മ്മമാണ് ശാന്തിഗിരിയുടേത്. നമ്മുടെ ജീവന്റെ പോരായ്മകണ്ടറിഞ്ഞ് കര്‍മമഗതിയെ തിരുത്താൻ ശാന്തിഗിരിയില്‍ എന്നും ഗുരുസ്ഥാനത്ത് ആളുണ്ടാകും എന്നതാണ് നമ്മുടെ പരമ്പരയ്ക്ക് ലഭിച്ച ഏറ്റവും വലിയ സുകതമെന്നും സ്വാമി പറഞ്ഞു. സത്സംഗപരമ്പരയ്ക്ക് സീനിയര്‍ ജനറല്‍ മാനേജര്‍ ഡി.പ്രദീപ് കുമാര്‍ സ്വാഗതം ആശംസിച്ചു. സന്യാസദീക്ഷാ വാര്‍ഷികദിനമായ ഒക്ടോബര്‍ 5 ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സത്സംഗങ്ങളില്‍ ആത്മീയ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

Related Articles

Back to top button