KeralaLatest

ബ്രാഞ്ചാശ്രമത്തിലെ സേവനം സന്ന്യാസജീവിതത്തെ മികവുറ്റതാക്കും – ജനനി പൂജ ജ്ഞാന തപസ്വിനി

“Manju”

ശാന്തിഗിരി : ഒരു സന്ന്യാസിനി എന്ന നിലയിൽ ആശ്രമ ജീവിതത്തിന്റെ അർത്ഥം കൂടുതൽ മനസിലാക്കാനായത് ബ്രാഞ്ചാശ്രമത്തിൽ സേവനമനുഷ്ടിച്ചു തുടങ്ങിയതു മുതൽ മാത്രമാണെന്നും ആ കർമ്മരംഗം സന്ന്യാസജീവിതത്തെ മികവുറ്റതാക്കുമെന്നും ജനനി പൂജ ജ്ഞാന തപസ്വിനി. സന്ന്യാസദീക്ഷാ വാർഷികാഘോഷങ്ങളൂടെ മൂന്നാംദിനമായ ഇന്ന് (28/09/2022 ബുധനാഴ്ച) സ്പിരിച്വൽ കോൺഫറൻസ് ഹാളിൽ നടന്ന മീറ്റിംഗിൽ “ബ്രാഞ്ചാശ്രമത്തിലെ അനുഭവങ്ങൾ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ജനനി. 1992 ൽ ഒരു വിഷുദിനത്തിനാലാണ് ആദ്യമായി ആശ്രമത്തിലെത്തിയത്. അന്ന് ഗുരു കൈനിറയെ തന്ന വിഷുക്കൈനീട്ടം പോലെ ജീവിതത്തിൽ ആ കാരുണ്യവും നിത്യം ചൊരിയുകയായിരുന്നു. കുട്ടിയായിരുന്ന തന്നെ എപ്പോൾ ആവശ്യപ്പെട്ടാലും ആശ്രമത്തിൽ കൊണ്ടു വരണമെന്ന് ഗുരു അച്ഛനമ്മമാർക്ക് നിർദേശം നൽകി. വരുമ്പോഴൊക്കെ ഗുരുവിന്റെ വാത്സല്യവും സ്നേഹവും ആവോളം ലഭിച്ചുവെന്നും ജനനി പറയുന്നു. ഗുരുവിന്റെ ആദിസങ്കൽപ്പ ലയത്തിനുശേഷം ശിഷ്യപൂജിതയിലൂടെ ആ സ്നേഹം തുടർന്നു. അനുഭവവശത്ത് ഓരോ സമയത്തും ശിഷ്യപൂജിത തിരുത്ത് നൽകി. 2002 ജനുവരി 30 ന് ഗുരു സന്ന്യാസദീക്ഷ നൽകി. 2002 മുതൽ 2016 വരെ കേന്ദ്രാശ്രമത്തിൽ തന്നെയായിരുന്നു കർമ്മ മേഖല. ജീവിതാന്ത്യം വരെ ഗുരുവിനോടൊപ്പം നിൽക്കാൻ ഒരു ചെറിയ നോവെങ്കിലും ഉണ്ടാകണമെന്ന ഗുരുവാക്കിനെ എല്ലാ ദിവസവും മനസ്സിൽ ഓർക്കുന്നു. 2016 നവംബർ 5 ന് കോഴിക്കോട് ഉപാശ്രമത്തിന്റെ ചുമതല ലഭിച്ചു. അത് പുതിയ ഉത്തരവാദിത്വവും തിരിച്ചറിവുമായി. തന്നെകാണാൻ ആശ്രമത്തിലെത്തുന്ന നിരവധിപ്പേർക്ക് ഗുരു സ്വാന്തനമാകുന്നതും ഗുരുവിന്റെ സ്നേഹം ഓരോ നാടിനും വീടിനും വെളിച്ചമാകുന്നതെങ്ങനെയെന്നും മനസിലാക്കാൻ ബ്രാഞ്ചാശ്രമത്തിലെ സേവനത്തിലൂടെ കഴിഞ്ഞുവെന്ന് ജനനി പറഞ്ഞു. കണ്ണൂർ ഉപാശ്രമത്തിലും കുറച്ചുകാലം സേവനം ചെയ്യാൻ കഴിഞ്ഞുവെന്നും ജന്മഗൃഹത്തിന്റെ ചുമതല തനിക്ക് ജീവിതത്തിൽ കൂടുതൽ കരുത്ത് പകർന്നെന്നും ജനനി കൂട്ടിച്ചേർത്തു. നമ്മൾ എന്താഗ്രഹിച്ച് പ്രാർത്ഥിച്ചാലും ഗുരു നമുക്കത് തരും. കർമ്മ മേഖലയിൽ ഓരോ ഘട്ടത്തിലും ഗുരു കൂടെയുണ്ടാകും. എല്ലാവർക്കും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് ജനനി തന്റെ വാക്കുകൾ ഉപസംഹരിച്ചു.

Related Articles

Back to top button