Uncategorized

ജീവിതത്തിൽ വഴിത്തിരിവായത് ‘മാനവരാശി ഇന്നലെ ഇന്ന് നാളെ’ – സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി

“Manju”

ശാന്തിഗിരി: തന്റെ ജീവിതത്തിൽ വഴിത്തിരിവായതും ആശ്രമത്തിലേക്കെത്താൻ കാരണമായതും ‘മാനവരാശി ഇന്നലെ ഇന്ന്  നാളെ’ എന്ന പുസ്തകമാണെന്ന് സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച് ഏഴാംദിനത്തിൽ രാവിലെ 11 മണിക്ക് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന അനുഭവം പങ്കുവെയ്ക്കലിൽ സംസാരിക്കുകയായിരുന്നു സ്വാമി. വലിയ ദൈവവിശ്വാസിമുള്ളയാളല്ലെങ്കിലും സന്ന്യാസിമാരെ മാനിക്കുന്ന ഒരു പാരമ്പര്യം തന്റെ കുടുംബത്തിനുണ്ടായിരുന്നു. അച്ഛന്റെ കുടുംബത്തിലും അമ്മയുടെ കുടുംബ വീട്ടിലും സന്ന്യാസിമാർ വന്നു താമസിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഒരിക്കൽ അമ്മയുടെ അമ്മ ചെറുപ്പകാലത്ത് വീട്ടിനുമുന്നിൽ നിൽക്കുന്ന സമയത്ത് ഒരു സന്ന്യാസി അവിടെ വരികയുണ്ടായി. അദ്ധേഹം ഒരു കൂജ ആവശ്യപ്പെട്ടു. അടുക്കളയിൽ മത്സ്യമാംസദികൾ ഉപയോഗിക്കുന്നതിനാൽ കൂജ ഉണ്ടായിട്ടും ഇല്ല എന്ന് കളവ് പറഞ്ഞു. എന്നാൽ അടുക്കളയിൽ ഉണ്ടല്ലോ, അതു തരൂ എന്ന് സന്ന്യാസി പറഞ്ഞതുകേട്ട് അമ്മ തന്റെ സങ്കടം ഉണർത്തിച്ചു. അങ്ങേക്ക് കൂജ നൽകുവാൻ തക്കവണ്ണം ഞങ്ങളുടെ അടുക്കളയിൽ ശുദ്ധി ഇല്ലാത്തതുകൊണ്ടാണ് ഇല്ല എന്നു പറഞ്ഞതെന്നും മാപ്പാക്കണമെന്നും അമ്മ അപേക്ഷിച്ചു. സാരമില്ല, അതു കഴുകി ഇങ്ങ് എടുത്തോളൂ എന്നും അദ്ധേഹം പറഞ്ഞു.ആ കൂജ അദ്ദേഹത്തിന് നല്‍കി.  മുറ്റത്ത് നിന്നും ഒരുപിടി മണ്ണ് വാരിയെടുത്ത് അമ്മയുടെ നേര്‍ക്ക് നീട്ടി ‘ധനം ജലംപോലെ’ എന്ന് മന്ത്രിച്ചു.  കൈക്കുമ്പിളിലെ മണ്ണ് ഭസ്മമായി മാറി.  ആ ഭസ്മം അമ്മയുടെ നെറ്റയില്‍ തൊടുവിച്ചശേഷം അദ്ദേഹം അവിടെ നിന്നും യാത്രപറഞ്ഞിറങ്ങി.  ആ പ്രദേശത്തെ മറ്റൊരു വീട്ടിലും അദ്ധേഹം പോയില്ലെന്ന് അന്വേഷണത്തില്‍ മനസ്സിലായി.  അദ്ധേഹം നേരെ പോയത് ഇന്ന് ശാന്തിഗിരിയുടെ  ഉപാശ്രമം ഇരിക്കുന്ന ഗണപതിക്കുന്നിലേക്കാണെന്നും ഓരോന്നും ഓരോ നിമിത്തങ്ങളാണെന്നും  സ്വാമി പറഞ്ഞു.

ചെറുപ്പം മുതൽ ചെറിയ നിഷേധം ഉണ്ടായിരുന്നു. ഒരു നക്സൽ നേതാവ് ആകണമെന്നായിരുന്നു ബാല്യത്തിന്റെ ചാപല്യം. വീട്ടുകാർ മനസ്സ് മാറാൻ അച്ഛന്റെ സഹോദരിയുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. അവർ സായിബാബയുടെ ഭക്തരായിരുന്നു. സായിബാബയുടെ പുസ്തകങ്ങൾ വായിച്ച് ആ ആശയത്തോട് ഇഷ്ടം തോന്നി. ആയിടെയാണ് ശാന്തിസ്വരൂപ് എന്ന സുഹൃത്തിൽ നിന്നും ആശ്രമത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും അറിയുന്നത്. സുഹൃത്ത് “മാനവരാശി ഇന്നലെ ഇന്ന് നാളെ” എന്ന പുസ്തകം വായിക്കാനായി തന്നു. ആ പുസ്തകമാണ് ജീവിതത്തിൽ വഴിത്തിരിവായത്. 1993ൽ ഒരു ഓണക്കാലത്ത് സുഹൃത്തിനൊപ്പം ശാന്തിഗിരി ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടു. മനസ്സിൽ ചിന്തകളുടെ വിസ്ഫോടനമുണ്ടായി. സായിബാബയുടെ ആശയമാണോ, ഗുരുവിന്റെ ആശയമാണോ പിന്തുടരേണ്ടത് എന്ന സംശയം. പക്ഷേ ആ സംശയത്തിന് അധികം ആയുസ്സുണ്ടയില്ല. മനസ്സ് പൂർണ്ണമായും ഗുരുവിന് സമർപ്പിക്കപ്പെട്ടു. പിന്നേടൊരിക്കൽ തന്റെ മനസ്സിൽ അന്നുണ്ടായ സംശയത്തെക്കുറിച്ച് ശിഷ്യപൂജിതയോട് പറഞ്ഞു. ഒരു ശിഷ്യൻ ഗുരുവിനെ ഏഴുതവണ സംശയിക്കുമെന്നാണ് ശിഷ്യപൂജിത അന്നു ഉത്തരമായി പറഞ്ഞു തന്നതെന്നും സ്വാമി പറഞ്ഞു.

സഹകരണമന്ദിരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് രണ്ടുവര്‍ഷക്കാലം ആശ്രമത്തിൽ വന്നു നിൽക്കാനും പിന്നീട് ജീവിതത്തിൽ നിരവധി കർമ്മങ്ങളിൽ പങ്കാളിയാകുവാനും അവസരം ലഭിച്ചു. ഭക്തിയിൽ മായം ചേർക്കാതെ തെളിച്ചമുള്ളവരായി ഗുരുവിന്റെ സഭയിൽ നിന്ന് പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് സ്വാമി തന്റെ വാക്കുകൾ ഗുരുപാദത്തിൽ സമർപ്പിച്ചു.

Related Articles

Back to top button