Uncategorized

സന്ന്യാസത്തിന് ശ്രദ്ധയും ഭക്തിയും അനിവാര്യം ; സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : സന്യാസത്തിലേക്ക് കടക്കുന്നവര്‍ക്ക് ശ്രദ്ധയും ഭക്തിയും അനിവാര്യമാണെന്നും അതില്ലായെങ്കില്‍ സന്യസിച്ചിട്ട് കാര്യമില്ലെന്നും സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി. പലജന്മങ്ങളിലായി പലതരം ജീവിവര്‍ഗ്ഗമായി ജീവിച്ച് മനുഷ്യനായി പരിണമിച്ച് കിട്ടിയ ഈ ജന്മത്തില്‍ മുന്‍ ജന്മങ്ങളിലെ കെട്ടുകളറ്റേ മുക്തി വരൂ. ശാന്തിഗിരിയില്‍ നടക്കുന്ന സന്ന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച (2-10-2022) ന് വൈകിട്ട് 8.30 ന് നടന്ന സത്സംഗത്തില്‍ സന്ന്യാസത്തിലേക്ക് കടക്കുന്നവര്‍ക്ക് ശ്രദ്ധയും ഭക്തിയും  അനിവാര്യമാണെന്നും അതില്ലെങ്കില്‍ സന്യസിച്ചിട്ട് കാര്യമില്ലെന്നും സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി.

പിത്യക്കളെ ശുദ്ധി ചെയ്യണമെങ്കില്‍ സഫലമായ ജീവിതം നയിക്കണം, അതിന് ആള്‍ക്കൂട്ടത്തില്‍ നമ്മള്‍ തനിയെ പോകണം. ലോകം അറിയപ്പെടുന്ന വീടായി സന്ന്യാസിയുളള വീട് പരിണമിക്കുന്നത് ഏകാന്തപഥികനായുള്ള സഞ്ചാരം കൊണ്ടാണ്. അഷ്ടരാഗങ്ങളെ അടക്കി ഒത്തൊരുമ സൂക്ഷിച്ച് ജീവിക്കണം. നമ്മള്‍ നമ്മളോട് തന്നെ കലഹിക്കണം, നമ്മളുടെ അന്തരാത്മാവില്‍ വാസനകളാല്‍ രൂഢമൂലമായിട്ടുള്ള കുറവുകള്‍ ഇടയ്ക്കിടയ്ക്ക് തലപൊക്കി ഉയര്‍ന്നു വന്ന് കര്‍മ്മപാതയില്‍ വിഘ്നങ്ങളുമായി വരും. അതിനെ സ്വയം കലഹിച്ചെങ്കില്‍ മാത്രമെ അടിച്ചമര്‍ത്തി ഉയിര്‍പ്പ് നേടാന്‍ കഴിയുകയുള്ളൂ. മറ്റ് പലയിടങ്ങളില്‍ നിന്നും വഴക്കും ശിക്ഷകളും കിട്ടിയേക്കാം അതിനെയെല്ലാം നന്മയിലേക്കാണെന്ന് കരുതി അതിജീവിക്കുവാനുള്ള ശേഷി നേടിയെടുക്കണം പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടണം.

ബ്രഹ്മചാരികള്‍ ആഹാരശുദ്ധി ശരീരശുദ്ധി വാക് ശുദ്ധി അത്മശുദ്ധി കര്‍മ്മശുദ്ധി എന്നീ ഗുണങ്ങള്‍ സ്വായത്തമാക്കിയിരിക്കണം. വൈരാഗ്യത്തോടെ ഗുരുവിനെ പ്രാര്‍ത്ഥിക്കണം. നിങ്ങള്‍ ഓരോരുത്തരും നേരിന്റെ പാതയില്‍ക്കൂടി ചരിക്കണം. നിങ്ങള്‍ ഏറ്റെടുക്കുന്ന കര്‍മ്മപന്ഥാവിനെ ഗുരുനല്‍കിയ അവസരമായി കരുതി പ്രവര്‍ത്തിക്കണം. ചെറിയ കാര്യങ്ങള്‍ക്ക് പിണക്കം പാടില്ല. രാവിലെയും വൈകുന്നേരവും നിഷ്ഠയോടെ പ്രാര്‍ത്ഥിക്കുവാനും, വസ്ത്രധാരണത്തിലും, നടത്തത്തിലും, സംസാരത്തിലും എല്ലാം ഗുരുവിന്റേതായ ലാളിത്യവും ശാന്തതയും കൈവരിക്കുവാനും കഴിയണം. പരസ്പരം അഭിവാദ്യം ചെയ്യുമ്പോള്‍ സദ് ഗുരുവേ ശരണം എന്ന് പറയുന്നത് മുഖമുദ്രയാക്കണം. കാരണം ഹൃദയത്തില്‍ ഗുരു വസിക്കുന്നു. എത്രയോ ജന്മങ്ങള്‍ക്ക് ശേഷം കിട്ടിയ ഈ നിമിഷം, ഈ കര്‍മ്മം ഗുരുവിന്റെ ഇച്ഛയ്ക്കനുസരിച്ച് ചെയ്തെടുക്കാൻ കഴിയണം എന്ന പ്രാര്‍ത്ഥന എല്ലാസമയം അന്തരംഗത്തില്‍ ഉണ്ടാകണം സ്വാമി ഓര്‍മ്മിപ്പിച്ചു.

Related Articles

Back to top button